ചൂരൽപ്രയോഗവുമായി അധ്യാപകർ; ശിക്ഷിക്കാനല്ല, രക്ഷിക്കാൻ; സ്കൂളിനു സമീപം തെരുവുനായ് ശല്യം

Mail This Article
ചങ്ങനാശേരി ∙ അധ്യാപകർ ചൂരൽവടിയുമായി റോഡിൽ. കുട്ടികളെ തല്ലാനല്ല, രക്ഷിക്കാൻ! പുഴവാത് ഗവ. എൽപി സ്കൂളിലെ അധ്യാപകരാണ് കുട്ടികൾക്കു കാവലായി വഴിയിൽ വടിയുമായി കാത്തുനിൽക്കുന്നത്. സ്കൂളിനു സമീപത്തെ തെരുവുനായ ശല്യമാണ് ഇതിനു കാരണം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ ശല്യം കാരണം സ്കൂളിലേക്കു പോകാൻ പോലും ഭയന്നിരിക്കുകയാണ് കുട്ടികൾ. ക്ലാസ് മുടക്കേണ്ടെന്ന് കരുതി പല രക്ഷിതാക്കളും കുട്ടികളെ വാഹനത്തിലെത്തിക്കുകയാണ്. നടന്നുവരുന്ന കുട്ടികളെ രക്ഷിക്കാൻ അധ്യാപകർ വഴിയിൽ വടിയുമായി നിൽക്കും.
ഇടവഴികളെല്ലാം തെരുവുനായ്ക്കളുടെ താവളമാണ്. നായ്ക്കളെ കണ്ട് കുട്ടികൾ പരിഭ്രമിക്കുന്നതോടെ ഇവ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തും. സമീപത്തുള്ള വീടുകളിലേക്ക് ഓടിക്കയറിയാണു കുട്ടികൾ രക്ഷപ്പെടുന്നത്. ചെറിയ മതിൽ ചാടിക്കടന്ന് നായ്ക്കൾ സ്കൂളിനകത്തേക്ക് വരാൻ തുടങ്ങിയതോടെ ഇതു തടയാൻ മതിലിനു മുകളിൽ ഷീറ്റ് സ്ഥാപിച്ചു. രാത്രി പുറത്തുനിന്നുള്ളവർ വാഹനത്തിലെത്തി നായ്ക്കൾക്ക് ഇറച്ചിയും ഭക്ഷണാവശിഷ്ടങ്ങളും നൽകാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇതു കാരണമാണ് ഇവ ഇവിടെ കൂട്ടമായി തമ്പടിക്കുന്നതെന്നും പറയുന്നു.