മൂക്കൻപെട്ടി അഴുതമുന്നിയിൽ ചുഴലിക്കാറ്റ്; വ്യാപകനഷ്ടം

Mail This Article
എരുമേലി ∙ മഴയ്ക്കൊപ്പം ഉണ്ടായ കനത്ത കാറ്റിൽ മേഖലയിൽ വ്യാപക നാശനഷ്ടം. മൂക്കൻപെട്ടി അഴുതമുന്നിയിൽ ചുഴലിക്കാറ്റ് അടിച്ച് അനേകം മരങ്ങൾ ഒടിഞ്ഞു. വീടുകൾക്കും പ്രാർഥനാലയത്തിനും നാശം. കെഎസ്ഇബിയുടെ നിരവധി തൂണുകൾ ഒടിയുകയും ലൈനുകൾ തകരാറിലാകുകയും ചെയ്തു. രാത്രിയിലും പൂർണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെയാണു കനത്ത മഴയ്ക്കൊപ്പം കാറ്റുവീശിയത്. കരിമ്പിൻതോട്, മുക്കൂട്ടുതറ, കണമല, തലയണത്തടം, മൂക്കൻപെട്ടി, അഴുതമുന്നി, ഇടത്തിക്കാവ്, കൊല്ലമുള തുടങ്ങിയ മേഖലകളിലാണ് കനത്ത കാറ്റിനെ തുടർന്ന് മരങ്ങൾ ഒടിഞ്ഞുവീണത്. അരമണിക്കൂർ സമയം അതിശക്തമായ മഴയാണു പെയ്തത്. വില്ലേജ് ഓഫിസർ കെ.കെ. അനിലിന്റെ നേതൃത്വത്തിൽ റവന്യു സംഘം നാശനഷ്ടം ഉണ്ടായ മേഖലകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
റോഡ് തടസ്സങ്ങൾ
∙ എരുമേലി – മുക്കട – റാന്നി വനപാതയിൽ മരം വീണു 11 കെവി പോസ്റ്റ് തകർന്നു ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കരിമ്പിൻതോടിനും മുക്കടയ്ക്കും ഇടയിലാണു മരം വീണത്. ഒരുമണിക്കൂർ ഈ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഈ റോഡിലൂടെ വന്ന വാഹനങ്ങൾ കരിമ്പിൻതോട്ടിൽ നിന്നും കല്യാണിമുക്ക് – ചെറുവള്ളി എസ്റ്റേറ്റ് റോഡിലൂടെ മുക്കടയിലേക്കു വഴിതിരിച്ചുവിട്ടു.
∙ ഉമികുപ്പ ലൂർദ് മാതാ പള്ളിക്ക് സമീപം കാറ്റിൽ റോഡിലേക്കു മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
∙ മൂക്കൻപെട്ടി അഴുതമുന്നി ഭാഗത്ത് റോഡിലേക്ക് റബർ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
∙ മൂക്കൻപെട്ടി അഴുതമുന്നി ഭാഗത്ത് റോഡിലേക്ക് റബർ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
3 മിനിറ്റ് ചുഴലിക്കാറ്റ് ; വ്യാപക നഷ്ടം
പമ്പാവാലി, ആറാട്ടുകയം, മൂക്കൻപെട്ടി, അഴുതമുന്നി ഭാഗങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണു വീടുകൾക്കും തകരാർ സംഭവിച്ചു. നാട്ടുകാർ മണിക്കൂറുകൾ പരിശ്രമിച്ചാണ് വീടുകൾക്കും റോഡിലും വീണ ശിഖരങ്ങൾ വെട്ടിമാറ്റിയത്. ഇന്നലെ രാവിലെ 11 മണിക്കാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 3 മിനിറ്റിനുള്ളിൽ കാറ്റ് അവസാനിച്ചു.
ഇത്രയും സമയം കൊണ്ടാണു നാശനഷ്ടം സംഭവിച്ചത്. അഴുതമുന്നിയിലെ വിശ്വകർമ പ്രാർഥനാലയത്തിനു മുകളിലേക്കു മരം വീണു കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്നു. ചാമക്കാല ജോർജിന്റെ വീടിന്റെ മുകളിലേക്കു മരം വീണു ഭാഗിക നാശനഷ്ടം ഉണ്ടായി. കല്ലംമാക്കൽ ജോസിന്റെ തോട്ടത്തിലെ വെട്ടുന്ന 50 ൽ പരം റബർമരങ്ങൾ ചുഴലിക്കാറ്റിൽ ഒടിഞ്ഞുവീണു. പയ്യമ്പള്ളി ജോസിന്റെ പുരയിടത്തിലെ റബർ മരങ്ങളും ഒടിഞ്ഞുവീണു.
കെഎസ്ഇബിക്ക് നഷ്ടം ലക്ഷങ്ങൾ
കാറ്റിൽ കെഎസ്ഇബി എരുമേലി സെക്‌ഷന്റെ പരിധിയിൽ 11 സ്ഥലങ്ങളിലാണു ലൈനുകളും പോസ്റ്റുകളും തകരാറിലായത്. മൂന്ന് 11 കെവി പോസ്റ്റുകളും 20 എൽടി പോസ്റ്റുകളും ഒടിഞ്ഞു. കരിമ്പിൻതോട്, കനകപ്പലം, കാന്താരിവളവ്, മുക്കൂട്ടുതറ, തലയണത്തടം, കണമല തുടങ്ങിയ സ്ഥലങ്ങളിലാണു കെഎസ്ഇബിക്കു നാശനഷ്ടം ഉണ്ടായത്.