കോട്ടയം നഗരസഭ ഓഫിസിന് സമീപം അപകടം; യുവതിയുടെ കാലിലൂടെ ലോറിയുടെ മുൻ ചക്രം കയറിയിറങ്ങി
Mail This Article
കോട്ടയം ∙ നഗരഹൃദയത്തിൽ എംസി റോഡിൽ സീബ്ര ലൈനിന് അരികിലൂടെ റോഡ് മറികടക്കുമ്പോൾ കാലിലൂടെ ലോറിയുടെ മുൻ ചക്രം കയറിയിറങ്ങി യുവതിക്ക് ഗുരുതര പരുക്കേറ്റു. നഗരസഭയുടെ പ്രധാന കവാടത്തിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടം. പങ്ങടയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടാട്ട് വീട്ടിൽ ഇ.ജി. നിഷമോൾക്കാണ് (42) വലതു കാലിന് പരുക്കേറ്റത്. ഇടതുകാലിനും ചെറിയ പരുക്കുണ്ട്. തൊട്ടടുത്ത് നഗരസഭയുടെ മുറ്റത്ത് ആംബുലൻസ് ഉണ്ടായിട്ടും ചോര വാർന്നൊഴുകി റോഡിൽ അരമണിക്കൂറോളം കാത്തു കിടക്കേണ്ടി വന്നു. പോസ്റ്റ് ഓഫിസിന്റെ പിൻവശത്തെ റോഡിൽ കൂടി പഴയ ശീമാട്ടി റൗണ്ടാനയുടെ സമീപത്തേക്ക് വരുകയായിരുന്നു നിഷ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തും. നഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരിയാണ് പുളിമൂട് ജംക്ഷൻ റോഡിൽ നിന്നു ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. അപകടം നടന്ന ഉടൻ ലോറി നിർത്തി. നഗരസഭയുടെ ആംബുലൻസ് എത്താൻ വൈകിയതോടെ നാട്ടുകാരും ട്രാഫിക് പൊലീസും ചേർന്നു 108 ആംബുലൻസ് വിളിച്ചു വരുത്തി. അപ്പോഴേക്കും നഗരസഭയുടെ ആംബുലൻസും എത്തി. പരുക്ക് ഗുരുതരമായതിനാൽ ഓട്ടോയിൽ കയറ്റാനായില്ല. തിരക്കേറിയ ഈ ഭാഗങ്ങളിൽ അപകട സാധ്യത എപ്പോഴും ഉള്ളതിനാൽ ട്രാഫിക് പൊലീസിന്റെ സേവനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.