ഏറ്റുമാനൂർ കുരിശുപള്ളി ജംക്‌ഷനു സമീപം അതിരമ്പുഴ റോഡിൽ ആർക്കും വേണ്ടാത്ത കാത്തിരിപ്പ് കേന്ദ്രം

Mail This Article
ഏറ്റുമാനൂർ∙ കുരിശുപള്ളി ജംക്‌ഷനു സമീപം അതിരമ്പുഴ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അധികൃതരുടെ അവഗണന മൂലം തുരുമ്പെടുത്തു നശിക്കുന്നു. തിരിഞ്ഞു നോക്കാനാളില്ലാതെ വന്നതോടെയാണ് നഗര മധ്യത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കാത്തിരിപ്പ് കേന്ദ്രം അവഗണിക്കപ്പെട്ടത്. നിർമാണം പൂർത്തിയാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഒരൊറ്റ ബസ് പോലും ഇവിടെ നിർത്താറില്ല. അതുകൊണ്ട് തന്നെ യാത്രക്കാരും കാത്തിരിപ്പ് കേന്ദ്രത്തിലെത്താറില്ല. ഇപ്പോൾ ആളും അനക്കവുമില്ലാതെ വന്നതോടെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയും സംരക്ഷണ വേലിയും തുരുമ്പെടുത്തു തുടങ്ങി. തറയോടുകൾ പൊട്ടി തുടങ്ങി, സാമൂഹിക വിരുദ്ധർ മുറുക്കി തുപ്പിയും മലമൂത്ര വിസർജനം നടത്തുകയും കാത്തിരിപ്പ് കേന്ദ്രം വൃത്തി ഹീനമാക്കി.
പഞ്ചായത്ത് ആയിരുന്ന സമയത്ത് ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. യാത്രക്കാർക്കും ബസുകൾക്കും സൗകര്യപ്രദമാകും വിധം പ്രധാന ജംക്‌ഷനിൽ നിന്നും 50 മീറ്റർ മാറിയാണ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. പഞ്ചായത്ത് മാറി നഗരസഭ വന്നിട്ടു പോലും കാത്തിരിപ്പു കേന്ദ്രത്തിൽ ആളെത്തിയില്ല. ബസുകൾ ഇവിടെ നിർത്താത്തതിനാലാണ് യാത്രക്കാർ ഇങ്ങോട്ട് വരാത്തതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ അവിടെ യാത്രക്കാർ കാത്തു നിൽക്കാത്തതു കൊണ്ടാണ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്താതെന്നു ബസ് ജീവനക്കാരും പറയുന്നു.
അധികാരികൾ കണ്ണു തുറക്കണം
∙നഗരത്തിലെ അനധികൃത സ്റ്റോപ്പുകൾ അവസാനിപ്പിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും ഇടപെടണം. ഒപ്പം നിർബന്ധമായും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ബസ് കയറണമെന്ന നിർദേശം ബസ് ജീവനക്കാർക്ക് നൽകണം. നഗരസഭയുടെ നേതൃത്വത്തിൽ കാത്തിരിപ്പ് കേന്ദ്രം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇത്രയുമായാൽ കാത്തിരിപ്പ് കേന്ദ്രം സജീവമാകും.
മുന്നറിയിപ്പ് ബോർഡിന് പുല്ലു വില
∙നഗരത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണം കുരിശുപള്ളി ജംക്‌ഷനിലെ അനധികൃത പാർക്കിങ്ങും അനധികൃത ബസ് സ്റ്റോപ്പുമാണ്. ഇതൊഴിവാക്കാൻ വാഹനങ്ങൾ ഇവിടെ നിർത്തരുതെന്നുള്ള ബോർഡുകൾ ഏറ്റുമാനൂർ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. 50 മീറ്റർ മാറി കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും ഈ ബോർഡുകൾക്ക് മുന്നിൽ തന്നെ നിർത്തുകയും ആളെ കയറ്റുകയും ചെയ്യുന്നതാണ് ബസുകാരുടെ രീതി.
ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ നിന്നാരംഭിക്കുന്ന അതിരമ്പുഴ റോഡിന്റെ തുടക്ക ഭാഗത്തു വീതി കുറവാണ്. മറ്റൊരു വാഹനം എതിരെ വരുന്നത് പോലും കുരുക്കിനു കാരണമാകും. റോഡ് അരികിൽ അനധികൃത പാർക്കിങ്ങും, വഴിയോര കച്ചവടങ്ങളും ഉണ്ട്. ഇതിനിടയിലാണു സ്വകാര്യ ബസുകളുടെ അനധികൃത ബസ് സ്റ്റോപ്. ഒരേ സമയം രണ്ടും മൂന്നും ബസുകളാണ് അനധികൃത ബസ് സ്‌റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. നേരത്തെ ഓടിയെത്തുന്ന ബസുകൾ സമയം ക്രമീകരണത്തിനായി 10 മിനിറ്റു വരെ ഇവിടെ പാർക്ക് ചെയ്യാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
എംജി സർവകലാശാല, മെഡിക്കൽ കോളജ്, മാന്നാനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളാണ് കുരുക്കിൽ പെടുന്നത്. അതിരമ്പുഴ റോഡിൽ ഉണ്ടാകുന്ന കുരുക്ക് മിനിറ്റുകൾ കൊണ്ട് സെൻട്രൽ ജംക്‌ഷനിലേക്കും ബാധിക്കും. ഇതോടെ നഗരം വലിയ ഗതാഗത കുരുക്കിലേക്ക് നീങ്ങും. കോട്ടയം മെഡിക്കൽ കോളജിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ആംബുലൻസ് കടന്നു പോകുന്നതും ഈ റൂട്ടിലൂടെയാണ്. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെങ്കിൽ അതിരമ്പുഴ റോഡിലെ അനധികൃത ബസ് സ്റ്റോപ് മാറ്റണമെന്നാണ് നാട്ടുകാരും പറയുന്നത്.