വരുന്നൂ.. തണൽ വഴിയോര വിശ്രമകേന്ദ്രം; നിർമാണജോലികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു

Mail This Article
കുറവിലങ്ങാട് ∙ കേരള സയൻസ് സിറ്റിയുടെ സമീപത്തു രണ്ടരക്കോടിയോളം രൂപ മുടക്കി കെ.എം.മാണി സ്മാരക തണൽ വഴിയോരവിശ്രമ, വിനോദകേന്ദ്രം നിർമാണം പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണജോലികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം എൽഎസ്ജിഡി ഓഫിസിനു മുൻഭാഗത്തു ബ്ലോക്ക് പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് തണൽ ഒരുങ്ങുന്നത്.
ജില്ലാ പഞ്ചായത്ത് ആദ്യഘട്ടത്തിൽ 1.7 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം കൂടി അനുവദിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആദ്യഘട്ടം 30 ലക്ഷം രൂപ. ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. ഒന്നാംനില പൂർത്തിയായി. 10 സെന്റ് സ്ഥലമാണ് ബ്ലോക്ക് പഞ്ചായത്ത് വിട്ടുനൽകിയത്. എംസി റോഡരികത്ത് സയൻസ് സിറ്റിയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് പുതിയ വഴിയോര വിശ്രമകേന്ദ്രം. സയൻസ് സിറ്റി തുറക്കുമ്പോൾ എത്തുന്ന സന്ദർശകർക്കു ഭക്ഷണ, താമസസൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
റോഡ് നിരപ്പിലും മുകൾഭാഗത്തെ പുരയിടത്തിലും ഓരോ നിലകൾ എന്ന രീതിയിൽ ആദ്യഘട്ടത്തിൽ ഇരുനിലക്കെട്ടിടമാണ് നിർമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി വിശ്രമകേന്ദ്രം, ശുചിമുറികൾ, മികച്ച ഭക്ഷണശാല എന്നിവയാണ് താഴത്തെ നിലയിൽ. ഇതിനു മുകളിൽ താമസസൗകര്യമുള്ള മുറികൾ നിർമിക്കും. അടുത്തഘട്ടത്തിൽ മൂന്നാംനില കൂടി നിർമിച്ചു ഷീ ലോഡ്ജ് സംവിധാനം ഏർപ്പെടുത്തുകയാണു ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഹോട്ടൽ, സെമിനാർ ഹാൾ, താമസസൗകര്യം എന്നിവ കൂടി ലഭ്യമാക്കും.