മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ, 12–ാം മൈൽ ചേർക്കോട്ടു പടി: അപകടം ഇവിടെ പതിയിരിക്കുന്നു

Mail This Article
മാന്തുരുത്തി ∙ വാഴൂർ – ചങ്ങനാശേരി റോഡിൽ അപകട മേഖലയായി മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷനും 12–ാം മൈൽ ചേർക്കോട്ടു പടിയും. മഴ പെയ്താൽ മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷനിൽ അപകടം ഉണ്ടാകും.
കുരിശുപള്ളി ജംക്‌ഷൻ
∙ ചെറിയ അപകടങ്ങൾ എല്ലാ ദിവസം നടക്കുന്നുണ്ടെന്നു മേഖലയിലെ വ്യാപാരി സാജൻ പറയുന്നു. റോഡിന്റെ ഒരു വശം കണ്ണാടി പോലെ മിനുസമാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ നിയന്ത്രണം വിടുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. മഴക്കാലത്ത് മാന്തുരുത്തിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം ഹൈഡ്രോ പ്ലെയ്നിങ് – അക്വാ പ്ലെയിനിങ് ( ജല പാളി ) പ്രതിഭാസമാണെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു. വെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ അമിത വേഗത്തിൽ പോകുമ്പോൾ ടയറിന്റെയും റോഡിന്റെയും ഇടയിൽ ജല പാളി രൂപപ്പെടുകയും തുടർന്ന് ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്. വേഗത കുറച്ച് പോകുക മാത്രമാണ് അപകടം ഒഴിവാക്കാനുള്ള ഏകവഴി. ചേർക്കോട്ട് പടി
ചേർക്കോട്ട് പടി
∙12–ാം മൈലിനു സമീപത്തെ ചേർക്കോട്ട് പടി സ്ഥിരം അപകട മേഖലയാണ്. എസ് ആകൃതി വളവും കുത്തിറക്കവുമാണ് മേഖല. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു അപകടത്തിൽ പെടും. അപകടം പതിവായതോടെ റംപിൾ സ്ട്രിപ്പുകളും ബ്ലിങ്കറിങ് ലൈറ്റും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ മരം വീണ് ലൈറ്റിൽ ഒരെണ്ണം തകർന്നു. വളവ് നിവർത്തുകയാണു ഏക മാർഗമെന്നു നാട്ടുകാർ പറയുന്നു.