പായിപ്പാട് കടക്കാൻ പെടാപ്പാട്...: പായിപ്പാട് കവലയുടെ വികസനം ഇന്നും ഫയലിൽ തന്നെ

Mail This Article
പായിപ്പാട് ∙ കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പായിപ്പാട് കവലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് തലവേദനയായി. മല്ലപ്പള്ളി– തിരുവല്ല റോഡും ചങ്ങനാശേരി – കവിയൂർ റോഡും സംഗമിക്കുന്ന പായിപ്പാട് കവലയുടെ വികസനം ഇന്നും ഫയലിൽ തന്നെ. ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നം. റോഡിന്റെ വീതി കുറവും ജംക്‌ഷനിൽ തന്നെ ബസുകൾ ആളുകളെ കയറ്റിയിറക്കുന്നതും കുരുക്കിനു കാരണമാകുന്നു. ഡ്യൂട്ടിയിലുള്ള ഹോം ഗാർഡിനു പോലും നിയന്ത്രിക്കാൻ കഴിയാത്ത ഗതാഗതക്കുരുക്കാണ്. സിഗ്നൽ സംവിധാനമില്ലാത്തതിനാൽ നാല് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ തോന്നിയതു പോലെ കടന്നു പോകും. വാഹനങ്ങൾ തട്ടിയും മുട്ടിയുമുള്ള വാക്കേറ്റങ്ങളും പതിവ്. അനധികൃത വഴിയോര കച്ചവടം കാരണം കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ദിശയറിയാതെ വാഹനങ്ങൾ
∙കവലയിൽ ദിശാ ബോർഡില്ലാത്തത് യാത്രക്കാരെ കുഴയ്ക്കുന്നു. പലരും വാഹനങ്ങൾ കവലയിൽ നിർത്തി ആളുകളോട് വഴി ചോദിച്ചു പോകുകയാണ്. ദിശാ ബോർഡ് സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഗൂഗിൾ മാപ്പുള്ളപ്പോൾ എന്തിന് ദിശാ ബോർഡ് എന്നാണ് അധികൃതരുടെ ഭാവം.
അതിഥികളും ‘പ്രശ്നമാകുന്നു’
∙ജില്ലയിൽ ഏറ്റവുമധികം അതിഥി തൊഴിലാളികൾ കഴിയുന്ന പ്രദേശമാണ് പായിപ്പാട്. രാവിലെ 5 മുതൽ കവല അതിഥി തൊഴിലാളികളുടെ വിഹാരകേന്ദ്രമാണ്. ലഹരി വിൽപനയും വഴിയോരങ്ങളിൽ സജീവമാണ്. പൊലീസ് പരിശോധനയില്ലാത്തതു കാരണം കച്ചവടം പൊടി പൊടിക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ കവലയും പരിസരവും വൃത്തികേടാക്കുന്നതും പതിവ് കാഴ്ചയാണ്. വഴിയോരങ്ങളും കടകൾക്ക് മുൻപിലും മുറുക്കി തുപ്പുന്നതും പതിവാണ്. അതിഥി തൊഴിലാളികൾക്കായി രാവിലെ താൽക്കാലിക ഭക്ഷണ ശാലകളും കവലയിൽ ഉയരും. ഈ ഭക്ഷണ അവശിഷ്ടങ്ങളും റോഡിലും വശങ്ങളിലും കാണാം.