പിൻവാതിൽ വേണ്ട, ‘ഓപ്പൺ ത്രൂ ഹാർട്ട്’; പണി ഒറ്റയ്ക്ക്, വിൽപന പലരിലൂടെ: ‘പ്രഫഷനലാ’യി കള്ളന്മാർ

Mail This Article
ഏറ്റുമാനൂർ ∙ ഓടിളക്കിയും അടുക്കള കുത്തിത്തുറന്നുമുള്ള പരമ്പരാഗത ശൈലികൾ മോഷ്ടാക്കൾ ഉപേക്ഷിക്കുന്നു. പകരം സ്കെച്ചും പ്ലാനും തയാറാക്കി ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ വിദഗ്ധമായി കവർച്ച നടത്തുന്നതാണ് പുതിയ രീതി. കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന മോഷണങ്ങളുടെ ശൈലികൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാക്കൾ പ്രഫഷനൽ രീതിയിലേക്കു മാറിയെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞത്.
ഒരു മോഷണം നടന്നാൽ ആദ്യാവസാനം പൊലീസ് നടത്തുന്ന പരിശോധനകളും അന്വേഷണങ്ങളും എന്തെല്ലാമാണെന്നു മുൻകൂട്ടി മനസ്സിലാക്കിയാണ് ഇപ്പോൾ കവർച്ചക്കാർ എത്തുന്നത്. പൊലീസിന്റെ നടപടികളെ മറികടക്കാനുള്ള പദ്ധതികൾ തയാറാക്കും. പ്രതിയിലേക്ക് എത്തുന്ന തെളിവുകൾ, വിരലടയാളങ്ങൾ, സിസി ടിവി ദൃശ്യങ്ങൾ തുടങ്ങിയവ ഇപ്പോഴുള്ള മോഷണത്തിൽ കണ്ടെത്തുക പ്രയാസമാണ്. കൂടാതെ ഡോഗ് സ്ക്വാഡ്, സൈബർ സെൽ എന്നിവയുടെ അന്വേഷണത്തിൽ നിന്നു രക്ഷപ്പെടാനുള്ള വഴികളും ഒരുക്കിയാണ് ഇക്കൂട്ടർ കവർച്ച ആസൂത്രണം ചെയ്യുന്നത്.
പിൻവാതിൽ വേണ്ട; ‘ഓപ്പൺ ത്രൂ ഹാർട്ട് ’
അടുക്കള വാതിലോ ജനൽപാളിയോ മേൽക്കൂരയോ അല്ല നേരിട്ട് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറുന്ന പുതിയ രീതിയാണ് ‘ഓപ്പൺ ത്രൂ ഹാർട്ട്’. ഇതിൽ വീടിന്റെ മറ്റു ഭാഗങ്ങൾ തകർക്കുകയോ കേടുവരുത്തുകയോ ചെയ്യില്ല. കയറുന്ന വാതിലിലൂടെ പുറത്തേക്ക് ഇറങ്ങും. ആളില്ലാത്ത വീടുകളിലാണ് ഈ രീതി പ്രയോഗിക്കുന്നത്. മോഷ്ടാക്കൾ അടുക്കള വാതിലിലൂടെയാണ് അകത്തു കയറുന്നതെന്നാണ് ആളുകളുടെ പൊതുധാരണ. അതിനാൽ മുൻ വാതിലിനെക്കാൾ സുരക്ഷ ചിലപ്പോൾ അടുക്കള വാതിലിനുണ്ടാകും. കൂടാതെ ശബ്ദം കേൾക്കാൻ പാത്രങ്ങളോ മറ്റ് ശബ്ദമുണ്ടാക്കുന്ന സാധനങ്ങളോ ഇവിടെ ക്രമീകരിക്കാറുമുണ്ട്. അധിക സുരക്ഷയുടെ ഭാഗമായി ഇരുമ്പു ദണ്ഡും പിടിപ്പിക്കാറുണ്ട്. ഇതിനാലാണ് മുൻവാതിൽ മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്.ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനും കാത്തിരിപ്പിനും ശേഷം സുരക്ഷിതമെന്ന് ഉറപ്പാക്കിയാണ് ഈ രീതി പ്രയോഗിക്കുക. ഏറ്റുമാനൂരിലും ഗാന്ധിനഗറിലുമായി 5 വീടുകളിലാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇതിൽ ഒരു കേസിലെ പ്രതികളെ പിടികൂടിയിരുന്നു.
പകലും ലൈറ്റുണ്ടോ, പത്രം എടുത്തിട്ടുണ്ടോ?
നേരം പുലർന്നിട്ടും ലൈറ്റ് തെളിഞ്ഞു കിടക്കുന്ന വീടുകൾ, പാൽ, പത്രം തുടങ്ങിയവ എടുക്കാതിരിക്കുന്ന വീടുകൾ, മുറ്റത്ത് ചപ്പുചവറുകൾ കൂടിക്കിടക്കുന്ന വീടുകൾ തുടങ്ങിയവ കണ്ടെത്തുകയാണ് മോഷ്ടാക്കളുടെ ആദ്യപണി. തുടർന്നു വ്യത്യസ്ത സമയങ്ങളിൽ ഈ റൂട്ടിലൂടെ സഞ്ചരിച്ച് വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തും. തുടർന്നു രാത്രിയിലെത്തി കവർച്ച നടത്തും. വീട്ടുകാർ കൂട്ടത്തോടെ എവിടെയെങ്കിലും യാത്ര പോകുന്നത് ശ്രദ്ധയിൽപെട്ടാൽ ആ വീട് നിരീക്ഷണത്തിലാക്കും.
പണി ഒറ്റയ്ക്ക്, വിൽപന പലരിലൂടെ
പ്രഫഷനൽ മോഷ്ടാക്കൾ സാധാരണ കവർച്ച നടത്തുന്നത് ഒറ്റയ്ക്കാണ്. ഒന്നിലധികം പേരുണ്ടെങ്കിൽ ഒറ്റിക്കൊടുക്കാനും പിടിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. മോഷണത്തിനു ശേഷം കിട്ടിയത് എത്രയും വേഗം ചെലവഴിക്കുകയാണ് പതിവ്. കൂടാതെ, കവർച്ച ചെയ്ത സാധനങ്ങൾ നേരിട്ട് വിൽക്കാതെ മറ്റുള്ളവരെ ഏൽപിക്കുന്നതാണ് മറ്റൊരു രീതി. പൊലീസിന്റെ റിക്കവറി സാധ്യത ഒഴിവാക്കാനാണിത്.
മുഖം മറയ്ക്കും, പൊടി വിതറും
വെള്ളം ഒഴിക്കുക, കയ്യിൽ പൊടി വിതറുക, ഗ്ലൗസ് ഉപയോഗിക്കുക തുടങ്ങി വിരലടയാളങ്ങൾ പൊലീസിനു ലഭിക്കാതിരിക്കാൻ പല രീതികളാണ് മോഷ്ടാക്കൾ പിന്തുടരുന്നത്. ഡോഗ് സ്ക്വാഡിന്റെ അന്വേഷണം തടസ്സപ്പെടുത്താൻ മണ്ണെണ്ണ, പെർഫ്യൂം, മുളകുപൊടി, മറ്റ് കെമിക്കലുകൾ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. സിസിടിവി ക്യാമറയിൽ നിന്നു രക്ഷപ്പെടാൻ മുഖം മറയ്ക്കും. തുടർന്നു സിസി ടിവി ക്യാമറ നശിപ്പിക്കുകയോ, തുണിയിട്ട് മൂടുകയോ, തിരിച്ചു വയ്ക്കുകയോ ചെയ്യും. മോഷണ ദിവസം ഇവർ ഫോൺ ഉപയോഗിക്കാറില്ല.