സ്വപ്നപദ്ധതി തൽക്കാലമില്ല; അടച്ചുകെട്ടിയ സ്ഥലം നഗരസഭ തുറന്നു

Mail This Article
ഏറ്റുമാനൂർ∙ വർഷങ്ങൾ നീണ്ട പരാതികൾക്കൊടുവിൽ ഷോപ്പിങ് കോംപ്ലക്സിനായി നഗര സഭ അടച്ചു പൂട്ടിയ ബസ് സ്റ്റാൻഡ് പരിസരം യാത്രക്കാർക്കായി തുറന്നു കൊടുത്തു.
നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിങ് കോംപ്ലക്സ് ഉടൻ യാഥാർഥ്യമാകില്ലെന്നു മനസ്സിലാക്കിയാണ് നടപടി. കാൽനട യാത്രയ്ക്കുള്ള സൗകര്യം മാത്രമേ അനുവദിക്കൂ എന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് നഗരസഭ അധികൃതർ വ്യക്തമാക്കുന്നത്.
പദ്ധതിക്കായി 5 വർഷം മുൻപാണ് നഗരസഭ കെട്ടിടത്തിന് സമീപത്തുള്ള ചിറക്കുളം –ബസ് സ്റ്റാൻഡ് റോഡും അനുബന്ധ സ്ഥലവും അടച്ചു കെട്ടിയത്. ഏറ്റുമാനൂർ ടൗണിൽ നിന്നും എത്തുന്ന വാഹനങ്ങൾ ഇതുവഴിയാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിച്ചിരുന്നത്.
യാത്രക്കാരും സ്റ്റാൻഡിലേക്കു എളുപ്പമെത്തിയിരുന്നത് ഇതുവഴിയായിരുന്നു. ഷീറ്റ് ഉപയോഗിച്ച് ഭൂമി അടച്ചു കെട്ടിയതോടെ നഗരസഭ ഓഫിസ്, ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കംഫർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്താൻ ആളുകൾക്ക് നഗരം ചുറ്റേണ്ട സാഹചര്യമായി.
പദ്ധതിയുടെ ഭാഗമായി 18 പില്ലറുകൾക്ക് കോളം വാർത്തതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. ചെയ്ത വർക്കിന്റെ പണം പോലും കിട്ടാതെ വന്നതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചുവെന്നാണ് വിവരം. ഇതോടെ പ്രദേശം കാടു പിടിച്ചു.
നഗരത്തിന്റെ കണ്ണായ സ്ഥലം കാട് കയറിയതോടെ ഇഴജന്തുക്കളുടെ താവളമായി മാറി. കൂടാതെ നഗരത്തിലെ മാലിന്യമെല്ലാം ഇവിടെയായിരുന്നു തള്ളിയിരുന്നത്. ദുർഗന്ധം മൂലം ബസ് സ്റ്റാൻഡിൽ പോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി തുടങ്ങാതെ വന്നതോടെ നാട്ടുകാരുടെയും യാത്രക്കാരുടെയും സഞ്ചാര മാർഗം തടസ്സപ്പെടുത്തിയെന്നുള്ള വ്യാപക പരാതിയാണ് ഉയർന്നത്. ഒടുവിൽ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ കൗൺസിലാണ് സ്ഥലം തുറന്നു കൊടുക്കാൻ തീരുമാനിച്ചത്.