ബയോമെട്രിക് വോട്ടിങ് മെഷീൻ നിർമിച്ച് സ്കൂൾ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തി

Mail This Article
കോട്ടയം∙ വ്യത്യസ്തതകളാൽ ശ്രദ്ധേയമായി ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പ്. രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും മെഷീനിൽ പ്രോഗ്രാം ചെയ്തതിനോടൊപ്പം കൂടുതൽ സുതാര്യതയ്ക്കായി ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് കുറ്റമറ്റ രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തി വിജയികളെ കണ്ടെത്തിയത്.
ജനാധിപത്യത്തിന്റെ മൂല്യബോധം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ യുവതലമുറയ്ക്ക് എത്രത്തോളം പ്രയോജനപ്പെടുത്താമെന്നും നേരിൽ ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയ എല്ലാവർക്കും കൗതുകമായി. സ്കൂളിലെ റോബോട്ടിക്സ് ലാബിൽ 9–ാം ക്ലാസ് വിദ്യാർഥി ആർ.അരവിന്ദ് കൃഷ്ണൻ, 11–ാം ക്ലാസ് വിദ്യാർഥികളായ എൻ.എ.ആൽവിൻ, ജൊഹാൻ ഉമ്മൻ ടൈറ്റസ് എന്നിവർ ചേർന്നാണ് ആധുനിക വോട്ടിങ് മെഷീൻ നിർമിച്ചത്. അധ്യാപകരായ ജിനു സാറ ഈപ്പൻ, ജൂബിൻ, സൗമ്യ നായർ, ജീജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.