ADVERTISEMENT

കൈപ്പുഴ ∙ ‘ഞാനാണ് അവനെ ബെംഗളൂരുവിലെ ഡോ. ബി.ആർ.അംബേദ്കർ മെഡിക്കൽ കോളജിൽ നഴ്സിങ്ങിന് കൊണ്ടു ചെന്നാക്കിയത്. കോളജിൽ പഠിക്കുമ്പോൾ അവൻ എസ്എഫ്ഐയും ഞാൻ കെഎസ്‌യുവുമായിരുന്നു. അവൻ മിടുക്കനാ. ഇങ്ങനെയൊക്കെ ആകുമെന്നു സ്വപ്നത്തിൽ വിചാരിച്ചതല്ല. വളരെ സന്തോഷം’- ബ്രിട്ടിഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന്റെ സഹോദരൻ സൈമൺ പറഞ്ഞു. 


ചിരിജയം!!   സോജൻ ജോസഫിന്റെ വിജയവാർത്ത അറിഞ്ഞ് വിഡിയോ കോൾ ചെയ്യുന്ന ബന്ധുവിനോടു പിതാവ് സി.ടി.ജോസഫും സഹോദര ഭാര്യ ജാൻസി സൈമൺ, സഹോദരിമാരായ വൽസമ്മ ലൂക്കാ, ഷേർലി സ്റ്റീഫൻ, സഹോദര ഭാര്യ മേരി ജോയി, സഹോദരി ആലീസ് ജോസ് എന്നിവരും  സന്തോഷം പങ്കു വയ്ക്കുന്നു. ചിത്രം: മനോരമ
ചിരിജയം!! സോജൻ ജോസഫിന്റെ വിജയവാർത്ത അറിഞ്ഞ് വിഡിയോ കോൾ ചെയ്യുന്ന ബന്ധുവിനോടു പിതാവ് സി.ടി.ജോസഫും സഹോദര ഭാര്യ ജാൻസി സൈമൺ, സഹോദരിമാരായ വൽസമ്മ ലൂക്കാ, ഷേർലി സ്റ്റീഫൻ, സഹോദര ഭാര്യ മേരി ജോയി, സഹോദരി ആലീസ് ജോസ് എന്നിവരും സന്തോഷം പങ്കു വയ്ക്കുന്നു. ചിത്രം: മനോരമ

കൈപ്പുഴ ഓണംതുരുത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുമ്പോൾ അവർക്ക് എന്തൊരുക്കി നൽകുമെന്ന ആശങ്കയും സൈമണുണ്ട്. ‘പത്താംക്ലാസ് കഴിഞ്ഞ് ഏറ്റുമാനൂർ എസ്എഫ്എസ് സെമിനാരിയിൽ ഒരു വർഷം അവൻ നിന്നു. പിന്നീട് ഇങ്ങുപോന്നു. പഠിക്കാനും മിടുക്കനായിരുന്നു അവൻ’ -സഹോദരനെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും സൈമണിന് മതിയാകുന്നില്ല. 

സി.ടി.ജോസഫിനും  ഏലിക്കുട്ടിക്കും നാലുപെണ്ണും മൂന്ന് ആണും ഉൾപ്പെടെ ഏഴു മക്കളാണ്. സോജൻ ഏറ്റവും ഇളയത്. നാലു  സഹോദരിമാരിൽ ആലീസ്, ഷേർളി, വൽസമ്മ എന്നിവർ നാട്ടിലുണ്ട്. സോജന്റെ നേരെ മൂത്ത സഹോദരി നഴ്സായ സിബിയും കുടുംബവും ആഷ്ഫഡിൽത്തന്നെയുണ്ട്.  സഹോദരനു വോട്ട് ചെയ്യാനുള്ള ഭാഗ്യവും അവർക്കുണ്ടായി. ‘രണ്ടു സഹോദരിമാരുടെ മക്കളും അവിടെയാ. ഒരു കല്യാണം നടത്താനുള്ള ബന്ധുക്കൾ അവിടുണ്ട്’- ആലീസ് പറഞ്ഞു.ഏറ്റവും മൂത്ത സഹോദരൻ ജോയി വിമുക്ത ഭടനാണ്.

സഹോദരന്മാരുടെ ഭാര്യമാരായ മേരി, ജാൻസി എന്നിവരും സഹോദരീഭർത്താക്കന്മാരായ ജോസഫ്, സ്റ്റീഫൻ, ബേബി എന്നിവരും ഇന്നലെ സന്തോഷം പങ്കുവയ്ക്കാൻ വീട്ടിൽ എത്തിയിരുന്നു. ചൈനീസ് പടക്കങ്ങളും ഗുണ്ടും എല്ലാം ആഘോഷമായി പൊട്ടി നിറഞ്ഞപ്പോൾ അയൽക്കാരും ആദ്യം ഒന്നമ്പരന്നു. പിന്നീട് ആ അമ്പരപ്പ് സന്തോഷമായി പൊട്ടിവിരിഞ്ഞു. 

അപ്പോഴേക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഫോൺ വിളി എത്തി. മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ് തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്റ്  വി.കെ.പ്രദീപ്, വാർഡംഗം എം.മുരളി എന്നിവരും പിന്നീട് വീട്ടിലെത്തി. “അച്ചാച്ചാ, ഈ വെള്ള ഉടുപ്പും മുണ്ടുമൊന്നും മാറ്റേണ്ട. ഇനിയും ആളുകൾ എത്തും. നല്ല ഉഷാറായി നിന്നോ”-എല്ലാവരോടും ചിരിച്ചു മറുപടി പറഞ്ഞും ഫോണിൽ ലൈവ് കൊടുത്തും നിന്ന് പിതാവ് ജോസഫിനോട് പെൺമക്കളുടെ ഉപദേശം. വീട്ടിൽ ചിരിയുടെ പൂരം.

റോസാപ്പൂ മണമുള്ള വിജയം
കോട്ടയം ∙ അമ്മയെക്കുറിച്ചുള്ള സോജൻ ജോസഫിന്റെ ഓർമകൾക്ക് റോസാപ്പൂവിന്റെ നിറവും ഗന്ധവും. യുകെയിലെ ആഷ്ഫഡിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും ചിഹ്നം റോസാപ്പൂവായിരുന്നു. വിജയഗന്ധം തൂകി രണ്ടും വാടാതെ നിന്നു; നാട്ടിലെ അമ്മയുടെ കല്ലറയിലും ആഷ്ഫഡിലെ ജനമനസ്സിലും. ‘തിരഞ്ഞെടുപ്പിൽ അവന്റെ ചിഹ്നം റോസാപ്പൂവായിരുന്നു.

അമ്മയ്ക്ക് ഒരു റോസാപ്പൂ കൊടുക്കണേ എന്ന് അവൻ പറഞ്ഞു. ഞാനതു കഴിഞ്ഞദിവസം കല്ലറയിൽ കൊണ്ടുവച്ചു’– സിജോയുടെ പിതാവ് ജോസഫിന്റെ (86) വാക്കുകൾ മുറിഞ്ഞു. കോട്ടയം കൈപ്പുഴ ഓണംതുരുത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിൽ കർഷകനായ സി.ടി.ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും 7 മക്കളിൽ ഇളയവനാണു സോജൻ ജോസഫ് (49).



എല്ലാം ക്ലിയറാ.. എന്നാ പൊട്ടിക്കാം! 

യുകെയിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന്റെ വിജയവാർത്ത അറിഞ്ഞപ്പോൾ ഓണംതുരുത്ത് ചാമക്കാല(ആഞ്ഞേൽ) വീട്ടിൽ സഹോദരങ്ങളായ സി.ജെ. സൈമണും ഇ.ടി.ജോയിയും പടക്കം പൊട്ടിക്കാൻ തയാറെടുക്കുന്നു. ചിത്രം: മനോരമ
എല്ലാം ക്ലിയറാ.. എന്നാ പൊട്ടിക്കാം! യുകെയിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫിന്റെ വിജയവാർത്ത അറിഞ്ഞപ്പോൾ ഓണംതുരുത്ത് ചാമക്കാല(ആഞ്ഞേൽ) വീട്ടിൽ സഹോദരങ്ങളായ സി.ജെ. സൈമണും ഇ.ടി.ജോയിയും പടക്കം പൊട്ടിക്കാൻ തയാറെടുക്കുന്നു. ചിത്രം: മനോരമ

കൈപ്പുഴ സെന്റ് ജോർജ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മാന്നാനം കെഇ കോളജിലും ബിഎസ്‌സി നഴ്സിങ് ബെംഗളൂരു ബി.ആർ.അംബേദ്കർ മെഡിക്കൽ കോളജിലും പഠിച്ചു. 2001 ൽ ആണു യുകെയിലേക്കു പോയത്. 2002 ൽ ഇരിങ്ങാലക്കുട സ്വദേശിനിയും യുകെയിൽ നഴ്സുമായ ബ്രിറ്റയെ വിവാഹം ചെയ്തു. മക്കൾ: വിദ്യാർഥികളായ ഹന്ന, സാറ, മാത്യു.

‘എനിക്ക് ഇതിൽപരം സന്തോഷം ഉണ്ടാകാനില്ല. എന്റെ പ്രാർഥന കൊണ്ടു കൂടിയാ ഇത്. ഇനി യുകെയിലെ എംപിയുടെ അപ്പനാ’- ജോസഫിന് ആനന്ദക്കണ്ണീർ. തിരഞ്ഞെടുപ്പ് ഫലം ഇന്നലെ വരുമെന്ന് അറിയാമായിരുന്നതു കൊണ്ട് സമീപത്തും കാണക്കാരി, ഉഴവൂർ എന്നിവിടങ്ങളിലുമുള്ള സഹോദരീസഹോദരന്മാരെല്ലാം രാവിലെ തന്നെ വീട്ടിൽ എത്തിയിരുന്നു. 

‘ഫലം അറിഞ്ഞ ഉടൻ സോജൻ ഇങ്ങോട്ടു വിളിച്ചു. ഉറങ്ങിയിട്ട് 2 ദിവസമായി. ഒന്നുറങ്ങാൻ പോകുകയാണെന്നും പറഞ്ഞു’- സഹോദരൻ സൈമൺ പറഞ്ഞു. സോജന്റെ മൂത്ത സഹോദരി സിബിയും ആഷ്ഫഡിൽ നഴ്സാണ്. ‘സോജന്റെ 3 മക്കളും അവധി ആഘോഷിക്കാൻ അമേരിക്കയിൽ പോയിരിക്കുകയാ.  മൂത്ത മകൾ ഹന്ന പോസ്റ്റൽ വോട്ട് ചെയ്തിട്ടാ പോയത്.’- സഹോദരിയും റിട്ട. അധ്യാപികയുമായ ആലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com