ചെമ്പ് അങ്ങാടിക്കടവ് ജങ്കാർ സർവീസ് മുടങ്ങി; വൻ ജനകീയ പ്രതിഷേധം

Mail This Article
വൈക്കം ∙ ചെമ്പ് അങ്ങാടിക്കടവിൽ ജങ്കാർ സർവീസ് വീണ്ടും മുടങ്ങിയത് യാത്രക്കാരെ വലച്ചു. പ്രതിഷേധവുമായി ജനകീയ സമരസമിതി രംഗത്ത്. ഇന്നലെ രാവിലെ കടത്തുകടവിൽ എത്തിയപ്പോഴാണ് ജങ്കാർ സർവീസില്ലെന്ന് യാത്രക്കാർ അറിയുന്നത്.
രാവിലെ യാത്രയ്ക്കായി കടത്തുകടവിൽ എത്തിയ ക്ഷീരകർഷകർ, സ്കൂൾ വിദ്യാർഥികൾ, വിവിധ ഇടങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ നിരാശരായി മടങ്ങി. ചെമ്പ് അങ്ങാടിക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് 5 പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
ജങ്കാർ സർവീസ് ഉണ്ടെങ്കിലും പതിവായി സർവീസ് മുടങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയതോടെ ഇത് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജൂൺ 24ന് ചെമ്പ് പഞ്ചായത്തിലേക്ക് ജനകീയ സമിതി മാർച്ചും ധർണയും നടത്തിയിരുന്നു.
6 മുതൽ പുതിയ ജങ്കാർ സർവീസ് ആരംഭിക്കുമെന്നും അതുവരെ മുടക്കം ഇല്ലാത്ത രീതിയിൽ നിലവിലെ സർവീസ് തുടരുമെന്നും പഞ്ചായത്ത് അധികാരികൾ ജനകീയ സമിതിക്ക് ഉറപ്പു നൽകി. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇന്നലെ രാവിലെ മുതൽ ജങ്കാർ പിൻവലിച്ചു.
വിവരം പഞ്ചായത്തിനെ ധരിപ്പിച്ചപ്പോൾ തങ്ങൾ ഒന്നുമറിഞ്ഞില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സമിതി ആരോപിച്ചു. ഇതോടെ ജനങ്ങൾ വീണ്ടും പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലെത്തി.
പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകാതെ പഞ്ചായത്ത് ഓഫിസ് തുറക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നിലയുറപ്പിച്ചു.
തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ജനം പ്രതിരോധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്താതെ പിന്മാറില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു.
ഇതോടെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി 16 മുതൽ ജങ്കാർ സർവീസ് സർവീസ് പുനരാരംഭിക്കാമെന്നും അതുവരെ താൽക്കാലികമായി കടത്തുവള്ളം ഒരുക്കാമെന്നും അധികൃതർ എഴുതി നൽകിയതിനു ശേഷമാണ് സമരക്കാർ പിന്മാറിയത്.
ജൂൺ 24നു ജനകീയ സമിതി നടത്തിയ, ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഭരണസമിതിക്ക് വൻ നാണക്കേട് ഉണ്ടാക്കിയതായും ഇതെത്തുടർന്നുള്ള പഞ്ചായത്തിന്റെ അമർഷമാണ് ജങ്കാർ മുന്നറിയിപ്പില്ലാതെ നിർത്തിയതിനു പിന്നിലെന്നും ആരോപണമുണ്ട്.