എംസി റോഡ് – അതിരമ്പുഴ ലിങ്ക് റോഡ്: വഴിയടച്ചിട്ട് 5 വർഷം

Mail This Article
ഏറ്റുമാനൂർ∙ എംസി റോഡിൽ നിന്നും അതിരമ്പുഴ റോഡിലേക്കുള്ള ലിങ്ക് റോഡ് അടച്ചു പൂട്ടിയിട്ട് 5 വർഷം. അധികൃതരുടെ അനാസ്ഥ മൂലം 6 മീറ്റർ വീതിയുള്ള റോഡിൽ ഇപ്പോൾ കാൽനട യാത്ര ദുഷ്കരം. കെഎസ്ടിപിയുടെ അശാസ്ത്രീയമായ കലുങ്ക് നിർമാണമാണ് നൂറ് കണക്കിനു ആളുകൾക്ക് ആശ്രയമായിരുന്ന ലിങ്ക് റോഡ് അടഞ്ഞു പോകാൻ കാരണമെന്നും കെഎസ്ടിപിയുടെ നടപടിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് ഏറ്റുമാനൂർ ജനകീയ വികസന സമിതി രംഗത്തെത്തി.
നഗരത്തിൽ തിരക്കുള്ള സമയങ്ങളിൽ എസി റോഡിൽ നിന്നു അതിരമ്പുഴ റോഡിലേക്കും തിരിച്ചും വരാൻ ചെറു വാഹനങ്ങൾ ഉൾപ്പെടെ ആശ്രയിച്ചിരുന്ന റോഡ് ആയിരുന്നു ഇത്. കൂടാതെ എംസി റോഡിൽ നിന്നും കോടതി, ട്രഷറി, മൃഗാശുപത്രി, കെഎസ്ഇബി ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത്, കൃഷി ഭവൻ എന്നിവിടങ്ങളിലേക്ക് നഗരം ചുറ്റാതെ പോകാൻ ആളുകൾ ആശ്രയിച്ചിരുന്നത് ഈ റോഡിനെയായിരുന്നു. ഗേൾസ് ഹൈസ്കൂളിലേക്കും സമീപത്തെ എംആർഎസ് സ്കൂളിലേക്കുമായി നൂറ് കണക്കിനു വിദ്യാർഥികളും ഇതുവഴിയായിരുന്നു പോയിരുന്നത്.
കെഎസ്ടിപിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് നഗരത്തിലെ പ്രധാന പോക്കറ്റ് റോഡായി ഈ ലിങ്ക് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം. പ്രധാന റോഡിനെക്കാൾ താഴ്ന്നാണ് ലിങ്ക് റോഡ്. പ്രദേശത്തെ വെള്ളമെല്ലാം ഈ റോഡിലേക്ക് ഒഴുകിയെത്തി ഇവിടെ നിന്നും എംസി റോഡിനു അടിയിലൂടെയുള്ള ഓട വഴിയാണ് ഒഴുകിയിരുന്നത്. എന്നാൽ മണ്ണും ചെളിയും അടിഞ്ഞു ഈ ഓട അടഞ്ഞിരിക്കുകയാണ്. ഇതോടെ മഴക്കാലമെത്തിയാൽ ലിങ്ക് റോഡ് വെള്ളത്തിലാകും. വെള്ളം ഇറങ്ങാൻ ആഴ്ചകളോളം വേണ്ടി വരും.