എരുമേലിയിൽ ഓട്ടോ സ്റ്റാൻഡുകൾ അടയാളപ്പെടുത്തും
Mail This Article
എരുമേലി ∙ നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ കൃത്യമായി നിശ്ചയിച്ച് അടയാളപ്പെടുത്താൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന പഞ്ചായത്ത് ഗതാഗത കമ്മിറ്റിയിൽ തീരുമാനം. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പ്രിയങ്ക പടി, കവല, രാജാ പടി, കെഎസ്ആർടിസി എന്നീ 5 ഓട്ടോ സ്റ്റാൻഡുകളാണ് നഗരത്തിലുള്ളത്. എന്നാൽ ഈ ഓട്ടോ സ്റ്റാൻഡുകൾ ഇതുവരെ പഞ്ചായത്ത് അംഗീകരിച്ച് സ്റ്റാൻഡ് നമ്പറും ഓട്ടോകൾക്ക് പെർമിറ്റും നൽകിയിട്ടില്ല.
ഇതുമൂലം നഗരത്തിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും തമ്മിൽ തർക്കങ്ങളും കേസുകളും ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനു വേണ്ടി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ഓട്ടോ യൂണിയൻ നേതാക്കളും പ്രതിനിധികളും പൊലീസ്, മോട്ടർ വാഹന വകുപ്പ് അധികൃതർ എന്നിവരും ചേർന്ന് നഗരത്തിലെ ഓട്ടോ സ്റ്റാൻഡുകൾ സന്ദർശിച്ച് പ്രശ്നങ്ങളും പ്രതിസന്ധിയും മനസിലാക്കും.
ആവശ്യമെങ്കിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി സജി, പഞ്ചായത്ത് അംഗം നാസർ പനച്ചി, പഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ സി.പി. മാത്തൻ ചാലക്കുഴി, വ്യാപാരി വ്യവസായി സമിതി ഏരിയ ജനറൽ സെക്രട്ടറി പി.ആർ. ഹരികുമാർ, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ, പൊലീസ്, മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വ്യാപാരികളുടെ ആവശ്യങ്ങൾ
∙ കടകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലം ഒഴിവാക്കി ഓട്ടോകൾ പാർക്ക് ചെയ്യുക.
∙ കടകളിൽ സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനു വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക.
∙ ഓട്ടോകൾക്ക് സ്റ്റാൻഡ് നിശ്ചയിച്ച് നമ്പറും പെർമിറ്റും നൽകുക.
∙ സുഗമമായി വ്യാപാരം നടത്താനുള്ള അന്തരീക്ഷം ഒരുക്കുക.
ഓട്ടോ തൊഴിലാളികളുടെ ആവശ്യങ്ങൾ
∙ പഞ്ചായത്ത് ഓട്ടോ സ്റ്റാൻഡുകളിൽ നമ്പർ ഇട്ട് നൽകണം. ഇവിടെ ഓടുന്ന ഓട്ടോകൾക്ക് പെർമിറ്റ് അനുവദിക്കണം.|
∙ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ ഓട്ടോസ്റ്റാൻഡുകൾ നിലനിർത്തണം.
∙ പുറത്തുനിന്ന് വന്ന് പെർമിറ്റ് ഇല്ലാതെ നഗരത്തിൽ ഓടുന്ന ഓട്ടോകൾ നിയന്ത്രിക്കണം.|
∙ വ്യാപാരികൾ അവരുടെ കടകൾക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡുകളും പാർക്കിങ്ങും ഒഴിവാക്കുന്നതിനു കേസിനു പോകുന്ന പ്രവണത നിർത്തണം.