‘പാലം വലിക്കല്ലേ’ അധികൃതരേ...: കല്ലാലി പാലം, ഉറപ്പുകളെല്ലാം പാഴായി

Mail This Article
കുറവിലങ്ങാട് ∙ 4 വർഷം മുൻപ് ഓഗസ്റ്റ് എട്ടിനാണ് വെമ്പള്ളി – വയലാ റോഡിലെ കല്ലാലി പാലം ഭാഗികമായി തകർന്നത്. പാലത്തിനു കീഴിലെ തോട്ടിലൂടെ ഇതിനു ശേഷം ഒരുപാട് വെള്ളം ഒഴുകിപ്പോയി. നവീകരണവുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയ ഉറപ്പുകളും ഇതുപോലെ ഒഴുകിപ്പോയ അവസ്ഥയിലാണ്. കല്ലാലി പാലം 11 മീറ്റർ വീതിയിൽ പുതുക്കി നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു എന്നു വരെ ഉറപ്പ് ലഭിച്ചു. പക്ഷേ പാലം ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ.
ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു. പാലം തകർന്നതിനു ശേഷം ആകെ സംഭവിച്ചത് ഇരുവശത്തും കൈവരി സ്ഥാപിച്ചു എന്ന കാര്യം മാത്രം. കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാലം. 2020 ഓഗസ്റ്റ് 8ന് അതിതീവ്ര മഴയിൽ ഉണ്ടായ കുത്തൊഴുക്കിൽ പാലത്തിന്റെ ഒരു വശം പൂർണമായി തകർന്നു. പാലത്തിന്റെ ഒരു വശത്തു കാണക്കാരി പഞ്ചായത്ത് രണ്ടാം വാർഡും മറുഭാഗത്തു കടപ്ലാമറ്റം പഞ്ചായത്ത് 12ാം വാർഡുമാണ്. ആദ്യം നടപ്പാലമായിരുന്നു. പിന്നീട് കോൺക്രീറ്റ് ചെയ്തു. റോഡിന്റെ വീതി വർധിപ്പിച്ചപ്പോൾ 1982ലാണ് പഴയ പാലത്തിന്റെ വീതി ഇരുവശത്തും വർധിപ്പിച്ച് ഇപ്പോഴത്തെ പാലം നിർമിച്ചത്. പുതുക്കി നിർമിച്ചപ്പോൾ പഴയ പാലത്തിനോടു ചേർത്ത ഒരു ഭാഗമാണ് 4 വർഷം മുൻപു തകർന്നത്.
പുതുക്കി നിർമിക്കാൻ നടപടി ഉടനെന്ന് അധികൃതർ പറഞ്ഞു തുടങ്ങിയിട്ടു 4 വർഷമായി. പുതുക്കുമ്പോൾ 11 മീറ്റർ വീതി, ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാത തുടങ്ങിയ ഉറപ്പുകളും ലഭിച്ചു. പാലത്തിന അടിയിൽ വെമ്പള്ളി തോട്ടിലൂടെ കൂടുതൽ അളവിൽ വെള്ളം ഒഴുകിപ്പോകുന്ന രീതിയിലായിരിക്കും പുനർനിർമാണം. നിർമാണത്തിനു മുന്നോടിയായി മണ്ണ് പരിശോധന നടത്തുകയും ചെയ്തു. പുതിയ പാലം നിർമാണത്തിന് ഒരു കോടി രൂപയെങ്കിലും വേണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ പാലത്തിന്റെ അവസ്ഥ സുരക്ഷിതമല്ല. ടാറിങ് ഇളകിയിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റിന്റെ ഭാഗമായ കമ്പികൾ പുറത്തുവന്നു. പാലത്തിനു വീതി കുറവായതിനാൽ ഗതാഗതം ദുഷ്കരമാണ്.