വികസനത്തിന് എൽഡിഎഫ് എതിര് നിൽക്കുന്നു: തിരുവഞ്ചൂർ

Mail This Article
കോട്ടയം ∙ നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് എൽഡിഎഫ് എതിരു നിൽക്കുകയാണെന്നും ഒരു പദ്ധതിയും പൂർത്തിയാക്കാൻ സമ്മതിക്കാതെ തടഞ്ഞിട്ടിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ആകാശപ്പാതയ്ക്കു കീഴിൽ പടവലത്തൈ നട്ടവർ, പദ്ധതിക്കു പണം അനുവദിച്ചത് അന്നു മന്ത്രിയായിരുന്ന കെ.എം.മാണി ആണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും തിരുവഞ്ചൂർ ഇന്നലെ ഉപവാസമിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും മഹിളാ കോൺഗ്രസ് പ്രവർത്തകരും തിരുവഞ്ചൂരിനു പിന്തുണയുമായി എത്തി.സംസ്ഥാന സർക്കാരിനു യുഡിഎഫ് എംഎൽഎമാരോടു ചിറ്റമ്മ നയമാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം എംഎൽഎമാരുള്ള തൃശൂരിലും കൊല്ലത്തും പൂർത്തിയായ ആകാശപ്പാത കോട്ടയത്തു പൂർത്തിയാകാത്തതിന്റെ കാരണം കോട്ടയത്തു യുഡിഎഫിന്റെ എംഎൽഎയായതു കൊണ്ടാണ്. ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തേണ്ട അവസ്ഥയിലാണു ജനങ്ങൾ.
യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പുതിയ പദ്ധതികളൊന്നും ആരംഭിക്കാൻ സർക്കാർ തയാറല്ല. ആകാശപ്പാതയ്ക്കു സാങ്കേതികവും ശാസ്ത്രീയവുമായ പിൻബലമുണ്ട്. തിരുവഞ്ചൂരിന്റെ ഉപവാസം സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ആകാശപ്പാത പൊളിച്ചുമാറ്റാൻ അനുവദിക്കില്ലെന്നും രമേശ് പറഞ്ഞു.സമാപനസമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
എംപിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എംഎൽഎമാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ഈസ്റ്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ, വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.ജയചന്ദ്രൻ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ, കുഞ്ഞ് ഇല്ലംപള്ളി, നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ, കെപിസിസി സെക്രട്ടറി അനിൽ ബോസ് എന്നിവർ പ്രസംഗിച്ചു.