ലൈറ്റില്ല; മുഹമ്മ - കുമരകം ബോട്ട് സർവീസിന് ഭീഷണി

Mail This Article
കുമരകം ∙ രാത്രി കാലങ്ങളിൽ തീരത്തെത്താൻ കഴിയാതെ ബോട്ട് സർവീസ്. വേമ്പനാട്ടു കായലിലൂടെ രാത്രിയിലുള്ള യാത്ര മുഹമ്മ - കുമരകം ബോട്ട് സർവീസ് ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. കുമരകം കായൽ തീരത്തെ കുരിശടി ഭാഗത്തെ ലൈറ്റ് തെളിയാത്തതാണു പ്രശ്നം.
കുമരകം ഭാഗത്തെ കരയിലേക്ക് ബോട്ടിനു അടുക്കാൻ ദിശ കാണിച്ചിരുന്ന ലൈറ്റ് തെളിയാതായിട്ടു മാസങ്ങളായി. കുരിശടി ഭാഗത്തെ ലൈറ്റിന്റെ പ്രകാശം കണ്ടാണ് ബോട്ട് ഇവിടം ലക്ഷ്യം വച്ച് ഓടി എത്തിയിരുന്നത്. രാത്രി കായലിൽ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്കും ഈ ലൈറ്റിന്റെ പ്രകാശം കരയ്ക്ക് അടുക്കാൻ സഹായകമായിരുന്നു. രാത്രി കാറ്റും മഴയും ഉള്ളപ്പോൾ ലൈറ്റ് ഇല്ലാത്തത് ബോട്ട് സർവീസിനെ സാരമായി ബാധിക്കുന്നു.
മുഹമ്മയിൽ നിന്നു വരുന്ന ബോട്ട് കുമരകം ബോട്ട് ജെട്ടി തീരത്ത് അടുക്കാതെ മറ്റ് സ്ഥലങ്ങളിൽ പോയി അടുത്ത സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്. ബോട്ട് ജീവനക്കാർ പലപ്പോഴും മാറി വരുന്നതിനാൽ പുതിയതായി വരുന്നവർക്ക് കരയ്ക്ക് അടുക്കാനുള്ള ലക്ഷ്യം കണ്ടെത്താൻ പ്രയാസമായതിനാൽ ലൈറ്റ് തെളിയിക്കാൻ അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെയും ബോട്ട് ജീവനക്കാരുടെയും ആവശ്യം.