പിടിയിലായ പാമ്പുകളിൽ മൂർഖനും പെരുമ്പാമ്പും മുന്നിൽ; ‘പാവങ്ങൾക്ക്’ ഒരവസരം നൽകി തുറന്നുവിടും

Mail This Article
കോട്ടയം ∙ മൂന്ന് മാസത്തിനിടെ ജില്ലയിൽ പിടികൂടിയത് 260 പാമ്പുകളെ. പിടികൂടിയവയിൽ മൂർഖനും പെരുമ്പാമ്പുകളുമാണ് കൂടുതലെന്ന് വനംവകുപ്പ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ടീം (എസ്ഐപി) പറയുന്നു. കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, വൈക്കം മേഖലയിൽ നിന്നു പാമ്പുകളെ പിടികൂടുന്നത് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ടീമാണ്. 3 മാസത്തിനിടെ എസ്ഐപി ടീം 170 പാമ്പുകളെയും വനംവകുപ്പിന്റെ വൊളന്റിയർമാരായ പാമ്പുപിടിത്തക്കാർ 90 പാമ്പുകളെയും പിടികൂടി. ദിവസം 3 മുതൽ 8 പാമ്പുകളെ വരെയാണ് ജില്ലയിൽ പിടികൂടുന്നത്. പിടികൂടുന്നവയെ അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് വനംവകുപ്പ് തുറന്നുവിടും. വെള്ളം കയറുന്ന മേഖലകളിൽ പാമ്പിന്റെ ശല്യം രൂക്ഷമെന്ന പരാതികളും ഉയരുന്നുണ്ട്.
പാവങ്ങൾക്ക് ഒരവസരം !
∙ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത പാമ്പുകളെ വീടിനുള്ളിൽ കണ്ടെത്തിയാൽ പുറത്തിറക്കി വിടുകയാണ് പതിവ്. വിഷമില്ലാത്ത പാമ്പുകളുടെ വിവരങ്ങൾ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കും. തുടർന്ന് വീട്ടിനുള്ളിൽ നിന്നു പാമ്പിനെ പുറത്തിറക്കും. തുടർന്ന് വിട്ടയയ്ക്കും. കാര്യമായ ശല്യമുണ്ടാക്കാത്ത ചേര പോലുള്ള പാമ്പുകൾ ആവാസവ്യവസ്ഥയിലുണ്ടെങ്കിൽ മാത്രമേ എലികളുടെ ശല്യം കുറയുകയുള്ളൂ എന്നും വനംവകുപ്പ് പറയുന്നു.
ജാഗ്രത വേണം
∙ മഴയും തണുപ്പും വർധിക്കുന്നതോടെ പാമ്പുകൾ ചൂട് തേടി വീടിനകത്തേക്കും വിറകുപുര പോലുള്ള ഭാഗത്തേക്കും എത്താറുണ്ട്. വീടിന്റെ പരിസരത്ത് ഉപയോഗ ശൂന്യമായ കിടക്കുന്ന മാലിന്യം ചെരിപ്പ് എന്നിവ ഒഴിവാക്കണം. ചെരിപ്പിനുള്ളിൽ മൂർഖൻ കുഞ്ഞുങ്ങൾ കയറിയിരുന്ന സംഭവങ്ങളുണ്ട്.
പാമ്പിനെ കണ്ടാൽ
∙പാമ്പിന്റെ സഞ്ചാരവും ഒളിച്ചിരിക്കുന്ന സ്‌ഥലവും നിരീക്ഷിക്കണം. പരിഭ്രാന്തി കാണിക്കരുത്. ശല്യക്കാരായ പാമ്പുകളെ പിടികൂടാൻ സർപ്പ സ്നേക് റെസ്ക്യൂ ടീം ജില്ലയിലുണ്ട്. മനുഷ്യനോ വളർത്തുമ്യഗങ്ങൾക്കോ അപകടം സൃഷ്ടിക്കുമെന്നു കണ്ടാൽ വനംവകുപ്പിന്റെ ‘സർപ്പ’ ടീമിനെ വിവരമറിയിക്കാം. പരിശീലനം ലഭിച്ചിട്ടുള്ള പാമ്പുപിടിത്തക്കാരെ എത്തിച്ച് പാമ്പിനെ പിടികൂടും. വനംവകുപ്പിന്റെ സർപ്പ (സ്നേക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ) ആപ്പിലും വിവരങ്ങൾ കൈമാറാം. ആപ്പിൽ പാമ്പിന്റെ ചിത്രങ്ങൾ അടക്കം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട് ഫോൺ:8943249386