അടഞ്ഞുകിടന്ന വീട്ടിൽ തീപിടിത്തം; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

Mail This Article
നീണ്ടൂർ∙ കൈപ്പുഴയിൽ അടഞ്ഞുകിടന്ന വീട്ടിൽ തീപിടിത്തം. ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് അഗ്നിബാധ വേഗം നിയന്ത്രിക്കാനായത്. കൈപ്പുഴ മേക്കാവ് ദേവീക്ഷേത്രത്തിന് സമീപം ചാക്കാപ്പാടം തങ്കച്ചന്റെ വീടിനാണു ഇന്നലെ രാവിലെ ഒൻപതരയോടെ തീപിടിച്ചത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു അഗ്നിബാധ ഉണ്ടായിരുന്നത്. സമീപത്ത് നിർമാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് തങ്കച്ചന്റെ വീട്ടിൽ നിന്നു പുക ഉയരുന്നത് കണ്ടു സമീപവാസികളെ വിവരമറിയിച്ചത്. വീട് പൂട്ടിയിട്ടിരിക്കുന്നതിനാൽ നാട്ടുകാർക്ക് തീ അണയ്ക്കാൻ കഴിഞ്ഞില്ല. ജനൽച്ചില്ലു തകർത്തും ഗ്രില്ലുകൾക്ക് ഇടയിലൂടെയും നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പുകയും തീയും വീണ്ടും ഉയരുകയായിരുന്നു.
കോട്ടയത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ വിലയിരുത്തൽ. വീടിന്റെ അടുക്കള ഭാഗത്താണ് അഗ്നിബാധ ഉണ്ടായത്. വീടിന്റെ വയറിങ്ങുകൾ കത്തിനശിച്ച നിലയിലാണ്. പാചകവാതക സിലിണ്ടർ അടക്കം അടുക്കളയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നുവെങ്കിലും ഇതിലേക്ക് തീ പടരാതിരുന്നതും തീപിടിത്തത്തിന്റെ വ്യാപ്തി കുറച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടൽ. കോട്ടയം അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.