ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണം വേഗത്തിലാക്കുമെന്ന് എംഎൽഎ

Mail This Article
ഈരാറ്റുപേട്ട ∙ നിർദിഷ്ട ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. സ്ഥലം ലഭിക്കുന്നതിന് വന്ന കാലതാമസമാണ് നിർമാണം വൈകാൻ കാരണമായത്. മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനുള്ള സ്ഥലം അളന്നു തിരിക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ്, റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ, പാലാ ഡിവൈഎസ്പി കെ.സദൻ, മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ്, ഭൂരേഖാ തഹസിൽദാർ സുനിൽകുമാർ, ഡപ്യൂട്ടി തഹസിൽദാർ ബിന്ദു തോമസ്, കെട്ടിട വിഭാഗം എൻജിനീയർ ബിൻസി തോമസ്.
ഈരാറ്റുപേട്ട വില്ലേജ് ഓഫിസർ ഇക്ബാൽ, എം.ജി.ശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. ഈരാറ്റുപേട്ടയുടെ വിവിധ പ്രദേശങ്ങളിലായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 14 സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ എത്തിക്കുക എന്നതാണ് സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ ലക്ഷ്യം. ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാനപാതയുടെ സമീപത്തുള്ള, പൊലീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 2.82 ഏക്കർ സ്ഥലത്തുനിന്ന് 50 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ ഈരാറ്റുപേട്ട ടൗണിൽ നിന്ന് 200 മീറ്റർ മാത്രമാണ് ദൂരം. മീനച്ചിലാർ സമീപത്ത് തന്നെ ഉള്ളതിനാൽ ജലദൗർലഭ്യവും ഉണ്ടാകില്ല.
മിനി സിവിൽ സ്റ്റേഷൻ, സ്മാർട്ട് വില്ലേജ് ഓഫിസ് എന്നിവ പണിയുന്നതിന് പൊലീസ് സ്റ്റേഷൻ വക 50 സെന്റ് സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യു കമ്മിഷണർക്ക് കലക്ടർ വി.വിഘ്നേശ്വരി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സ്ഥലം അനുവദിക്കാൻ തീരുമാനമായി. 2022ൽ കെട്ടിട നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചിരുന്നു. സ്ഥലം അനുവദിച്ചു മാസങ്ങൾ പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞില്ല. പൊലീസ് സ്റ്റേഷൻ പരിസരത്ത് സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനെതിരെ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടാണ് പദ്ധതിക്കു തടസ്സം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് മേധാവികളും യോഗം ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്കു സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മിനി സിവിൽ സ്റ്റേഷൻ നിർമാണം തുടങ്ങുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.