ADVERTISEMENT

തീക്കോയി ∙ അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 9ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് തീക്കോയി സെന്റ് മേരീസ് പാരീഷ്ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സ്‌കൂളിന്റെ മെറിറ്റ് ദിനാഘോഷം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഡോ.തോമസ് മേനാച്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍.ഡോ.ജോസഫ് മലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് സ്‌കൂളിലെ പൂര്‍വ്വ അധ്യാപക, അനധ്യാപകരെ ആദരിക്കും. 

ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും. പഞ്ചായത്ത് അംഗം അമ്മിണി തോമസ്, ഫാ.ജോസഫ് താന്നിക്കാപ്പാറ, ടി.വി.ജോര്‍ജ് തുരുത്തിയില്‍, തങ്കച്ചന്‍ മാത്യു കാക്കാനിയില്‍, സി.റോസിറ്റ് എഫ്.സി.സി, ജോമോന്‍ ജോസഫ് പോര്‍ക്കാട്ടില്‍, സാജു മാത്യു, ആഗ്നസ് ജോര്‍ജ്, എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ 75 വര്‍ഷമായി ഒരു നാടിന് അറിവിന്റെ പൊന്‍വെളിച്ചം പകര്‍ന്ന് നല്‍കുന്ന സ്‌കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 14ന് നടത്തുന്ന  സാംസ്‌കാരിക സമ്മേളനത്തില്‍ വിദ്യാര്‍ഥികളും പൂര്‍വ്വവിദ്യാര്‍ഥികളും അണിനിരക്കുന്ന ഗാനമേള, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടും. വിദൂരദേശങ്ങളിലുള്ള അനേകം പൂര്‍വ്വവിദ്യാര്‍ഥികളും  അന്നേദിവസം ആഘോഷങ്ങളില്‍ പങ്കെടുക്കും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ മത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കും. സ്‌കൂളിന്റെ 75 വര്‍ഷത്തെ പ്രവര്‍ത്തനം ഒരു നാടിന്റെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്.

1926-ല്‍ തീക്കോയി സെന്റ് മേരീസ് ദേവാലയത്തോടനുബന്ധിച്ച് പുറക്കരിയച്ചന്റെ നേതൃത്വത്തില്‍ പ്രൈമറി സ്‌കൂള്‍ എന്ന നിലയില്‍ ആരംഭിച്ച സ്‌കൂളാണ് വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ അറിവിന്റെ വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ച് നാടിന് അഭിമാനമായി മാറിയത്. കലാ, കായിക രംഗങ്ങളിലടക്കം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഒട്ടേറെ പൂര്‍വ്വവിദ്യാര്‍ഥികള്‍ നൂറുമേനി മികവോടെ ഈ കലാലയമുത്തശിയുടെ അഭിമാനതാരങ്ങളായുണ്ട്. ഇവിടെ പഠിച്ചിറങ്ങി ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം സ്‌കൂളില്‍ അധ്യാപകരായും അനധ്യാപകരായും സേവനം അനുഷ്ഠിക്കുന്നവരും ഏറെപ്പേരുണ്ട്. സ്‌കൂളിന്റെ ആദ്യബാച്ചിലെ വിദ്യാര്‍ഥികളും 75-ാം ബാച്ചിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന അപൂര്‍വ്വസംഗമത്തിനാണ് ജൂബിലി ആഘോഷം സാക്ഷ്യം വഹിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കും പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരത്തിലൂടെയാണ് ജൂബിലി ആഘോഷത്തിന്റെ ലോഗോ തെരഞ്ഞെടുത്തത്. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ കമ്മറ്റികളും തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com