ADVERTISEMENT

കുറുപ്പന്തറ ∙ ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകട വളവുകൾ നിവർക്കാനുള്ള പദ്ധതികൾ 16 വർഷമായി കടലാസിൽ. 2008 - 2009 കാലഘട്ടത്തിലാണ്, അപകടം പതിവായ കോട്ടയം– എറണാകുളം റോഡിലെ 19 അപകടവളവുകൾ നിവർത്തുന്ന പദ്ധതിക്കു രൂപം നൽകിയത്. 50 ലക്ഷം രൂപയുടെ അനുമതിയാണ് ആദ്യം നൽകിയത്. തുടർന്ന് വസ്തു ഉടമകളുടെ സമ്മതപത്രം വാങ്ങി സർക്കാരിലേക്ക് സമർപ്പിച്ചു.

പുളിന്തറ വളവ്. ഇടതുവശത്തു കാണുന്ന സ്ഥലമാണ് വളവു നിവർത്താൻ ഏറ്റെടുക്കേണ്ടത്. ഇവിടെ 
സർവേക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.
പുളിന്തറ വളവ്. ഇടതുവശത്തു കാണുന്ന സ്ഥലമാണ് വളവു നിവർത്താൻ ഏറ്റെടുക്കേണ്ടത്. ഇവിടെ സർവേക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഏറ്റെടുക്കേണ്ട 48 വസ്തുക്കളുടെ ഉ‌ടമകളുമായി പലതവണ ചർച്ച നടത്തി. പല കാരണങ്ങളാൽ പദ്ധതി നീണ്ടുപോയി. പൊതുമരാമത്ത് വകുപ്പ്, റവന്യു, സർവേ വകുപ്പുകളാണ് സ്ഥലമേറ്റെടുപ്പിനു നടപടി സ്വീകരിക്കേണ്ടത്.  ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു മൂലം ഏറ്റവും അപകടകരമായ കുറുപ്പന്തറ പുളിന്തറ വളവിൽ വാഹനാപകടത്തിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു. 5 വർഷത്തിനുള്ളിൽ 10 പേരാണ് ഈ വളവിലെ വാഹനാപകടങ്ങളിൽ മാത്രം മരിച്ചത്.

വളവുകൾ 19 
കോട്ടയം –എറണാകുളം റോഡിൽ 19 അപകട വളവുകളാണുള്ളത്. പുളിന്തറ വളവ്, കുറുപ്പന്തറ പോസ്റ്റ് ഓഫിസ് വളവ്, ടൗൺ വളവ്, മാഞ്ഞൂർ മിൽക് സൊസൈറ്റി വളവ്, ആറാം മൈലിലെ നാലു വളവ്, പട്ടാളമുക്ക് വളവ്, മുട്ടുചിറ ഞായപ്പള്ളി വളവ് എന്നിവിടങ്ങളിലാണ് അപകടങ്ങൾ പതിവ്. കുത്തുവളവുകളും അശ്രദ്ധയും അമിതവേഗവുമാണ്  അപകടകാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.

ഓട്ടോ ഡ്രൈവർ ബിനോയി ഇമ്മാനുവൽ അപകടം നടന്ന സ്ഥലത്ത് സംഭവം വിവരിക്കുന്നു.
ഓട്ടോ ഡ്രൈവർ ബിനോയി ഇമ്മാനുവൽ അപകടം നടന്ന സ്ഥലത്ത് സംഭവം വിവരിക്കുന്നു.

നടപടി തുടങ്ങിയിട്ട് 16 വർഷം
2008 - 09 കാലഘട്ടത്തിൽ മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് വളവുകൾ നിവർത്തുന്നതിനു പദ്ധതി തയാറാക്കി സമർപ്പിച്ചത്്. ഒന്നര പതിറ്റാണ്ടിനു ശേഷം ഏറ്റുമാനൂർ - എറണാകുളം റോഡിലെ അപകട വളവുകൾ നിവർത്തുന്നതിനു ഭൂമി ഏറ്റെടുക്കുന്നതിനും കുറുപ്പന്തറ ജംക്‌ഷൻ വികസനം നടപ്പാക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും, ഒരുവർഷം മുൻപ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 

പട്ടിത്താനം ജംക്‌ഷനും തലയോലപ്പറമ്പിനും ഇടയ്ക്കുള്ള 19  വളവുകളാണ് നിവർത്താൻ പദ്ധതിയിട്ടത്. കുറുപ്പന്തറ ജംക്‌ഷൻ റോഡ് വികസനത്തിനും പുളിന്തറ വളവ് ഉൾപ്പെടെ നിവർത്തുന്നതിനും  ഭൂമി ഏറ്റെടുക്കാനുള്ള സ്ഥലപരിധി നിർണയിക്കുന്നതിനു വില്ലേജ് ഓഫിസുകളുടെ മേൽനോട്ടത്തിൽ സർവേ നടത്തി. ഭൂമി വിട്ടുതരുന്ന ഉടമകളുടെ വില്ലേജിൽനിന്നുള്ള തണ്ടപ്പേര്, ബിടിആർ രേഖയുടെ പകർപ്പ് എന്നിവ ശേഖരിക്കുന്ന പ്രവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്.

നടപടി 6  വില്ലേജുകളിൽ
റവന്യു വകുപ്പിന്റെ കീഴിലുള്ള മീനച്ചിൽ താലൂക്ക് സ്ഥലം ഏറ്റെടുപ്പ് തഹസിൽദാരുടെ നേതൃത്വത്തിൽ 2 ഘട്ടങ്ങളിലായി കാണക്കാരി, കോതനല്ലൂർ, മാഞ്ഞൂർ മുട്ടുചിറ, കടുത്തുരുത്തി, വടയാർ വില്ലേജുകളിൽ അന്തിമ സർവേ റിപ്പോർട്ടുകൾ തയാറാക്കുകയും കലക്ടർക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായി. പ്രശ്നങ്ങൾ പരിഹരിച്ച് പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് കഴിഞ്ഞ വർഷം വിജ്ഞാപനം ഇറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com