യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുഴി കടന്നെത്തിയാൽ റെയിൽവേ സ്റ്റേഷനായി

Mail This Article
കോട്ടയം ∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ സ്റ്റേഷൻ വളപ്പിലെ കുഴിയിൽ ചാടണം, പ്ലാറ്റ്ഫോമിൽ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കൂട്ടത്തെ പേടിക്കണം. പ്രധാന കവാടത്തിലേക്ക് എത്തുന്ന യാത്രക്കാർ ആദ്യം ചെന്നു വീഴുന്നതു വലിയൊരു കുഴിയിലേക്കാണ്. മഴ കനത്താൽ കുഴിയിൽ വെള്ളം നിറഞ്ഞ് യാത്രക്കാർക്കും വാഹനങ്ങൾക്കും പോകാനാവില്ല. മാസങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഗർത്തത്തിന് ദിവസവും വിസ്തൃതി കൂടിവരികയാണ്. ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമാണ്.

പ്ലാറ്റ്ഫോമിൽ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കളുടെ എണ്ണം ദിവസവും കൂടിവരികയാണ്. വളർത്തുനായ്ക്കളെ സ്റ്റേഷൻ പരിസരത്ത് ഉടമസ്ഥർ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. കഴുത്തിൽ ബെൽറ്റിട്ട നായ്ക്കളുടെ എണ്ണം ഇവിടെ കൂടുതലാണ്. പ്രായാധിക്യം എത്തിയ നായ്ക്കളെ ഉപേക്ഷിക്കുന്നതായാണു പരാതി. യാത്രക്കാർ വിശ്രമിക്കുന്ന ഇരിപ്പിടങ്ങളുടെ ചുവട്ടിലാണ് നായ്ക്കളുടെ ഉറക്കം. യാത്രക്കാരെ ആക്രമിച്ച സംഭവങ്ങളുമുണ്ടായി. യാത്രക്കാരുടെ നേരെ കുരച്ച് ചാടുന്നതു പതിവാണ്.