പാലാ ടൗൺ ബസ് സ്റ്റാൻഡിലെത്തിയാൽ വസ്ത്രം കീറാം, ചെളിയിൽ കുളിക്കാം...
Mail This Article
പാലാ ∙ ടൗൺ ബസ് സ്റ്റാൻഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുളമായെങ്കിലും നന്നാക്കാൻ നടപടിയില്ല. നൂറുകണക്കിനാളുകൾ ബസിൽ കയറാനെത്തുന്ന ബസ് സ്റ്റാൻഡിനാണ് ഈ ദുർഗതി. ടാറിങ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴയുള്ള ദിവസങ്ങളിൽ ടാറിങ് തകർന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതു പതിവാണ്. ബസ് കടന്നുപോകുമ്പോൾ മലിനജലമാണ് യാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിക്കുന്നത്.
ബസ് സ്റ്റാൻഡിൽ യാത്രക്കാർ ഇരിക്കുന്ന ഷെഡുകളിലൊന്ന് ഏതു സമയത്തും നിലംപൊത്താവുന്ന നിലയിലാണ്. കാലപ്പഴക്കത്താൽ കമ്പികൾ തുരുമ്പെടുത്ത് ഒടിഞ്ഞു വീഴാറായ നിലയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. പലയിടത്തും മേൽക്കൂരയുടെ കമ്പികൾ വിട്ട് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ ഇവിടെ നിൽക്കാൻ യാത്രക്കാർ ഭയപ്പെടുകയാണ്. എപ്പോഴാണ് കാത്തിരിപ്പ് കേന്ദ്രം തലയിൽ വീഴുകയെന്ന പേടിയോടെയാണ് യാത്രക്കാർ ഇവിടെ ഇരിക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭാധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കണമെങ്കിൽ പ്രത്യേക പരിശീലനം നേടണമെന്ന സ്ഥിതിയുണ്ട്. ഇരിക്കുന്ന കമ്പികൾ പലതും അപ്രത്യക്ഷമായതോടെ ഒറ്റക്കമ്പിയിൽ ഇരിക്കേണ്ട ഗതികേടും യാത്രക്കാർക്കുണ്ട്. ബസ് സ്റ്റാൻഡിനു നടുവിലെ ഷെഡിന്റെ ഒരു ഭാഗത്തെ സ്റ്റീൽ കമ്പികൾ പൂർണമായി അപ്രത്യക്ഷമായിട്ടു നാളുകളായി. തകർന്ന ഭാഗങ്ങൾ ടാർ ചെയ്യാനായി 3 ലക്ഷം രൂപ അനുവദിക്കുകയും 4 തവണ ടെൻഡർ വിളിക്കുകയും ചെയ്തെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ലെന്ന് നഗരസഭാധികൃതർ പറയുന്നു.