കാലഹരണപ്പെട്ട ബോട്ടുകൾ; ഇനിയുമൊരു ദുരന്തത്തിനു കാത്തിരിക്കുകയാണോ ജലഗതാഗത വകുപ്പ്

Mail This Article
കുമരകം ∙ യന്ത്രത്തകരാർ മൂലം ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രക്കാരുമായി കായലിൽ കുടുങ്ങി. സ്ത്രീകൾ ഉൾപ്പെടെ ഇരുപതിലേറെ യാത്രക്കാരും 8 ഇരുചക്രവാഹനങ്ങളും ബോട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ 8നു കുമരകത്തുനിന്നു മുഹമ്മയ്ക്കു പോയ എസ് 52 ബോട്ടിലെ യാത്രക്കാരാണു കായലിൽ കുടുങ്ങിയത്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പ്ലാസ്റ്റിക്കും ചവറും കുരുങ്ങി ഗിയർ ബോക്സ് തകരാറിലായതാണ് ഇടയ്ക്കുവച്ച് ഓട്ടം നിലയ്ക്കാൻ കാരണം. മുഹമ്മയിൽനിന്നു വന്ന ജലഗതാഗത വകുപ്പിന്റെ മറ്റൊരു ബോട്ട് യാത്രക്കാരെ കുമരകത്ത് ഇറക്കി തിരികെയെത്തിയശേഷമാണ് കേടായ ബോട്ടിനെ കെട്ടിവലിച്ച് മുഹമ്മ ബോട്ട് സ്റ്റേഷനിൽ എത്തിച്ചത്. 2 ബോട്ടുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
കാലപ്പഴക്കമുള്ള ബോട്ടുകൾ യന്ത്രത്തകരാർ മൂലം കേടായി കായലിൽ നിന്നുപോകുന്നത് പതിവാണ്. കാറ്റും മഴയുമുള്ള സാഹചര്യത്തിൽ ബോട്ട് കായലിന്റെ നടുഭാഗത്ത് പെട്ടുപോയാൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോട്ടിലെ നങ്കൂരമിട്ടു സഹായത്തിന് അടുത്ത ബോട്ടു വരുന്നതുവരെ കാത്തുകിടക്കാനേ ജീവനക്കാർക്കു കഴിയൂ. 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തമുണ്ടായത് 2002 ജൂലൈ 27നാണ്.
ദുരന്തം ഒഴിവാക്കാൻ വേമ്പനാട്ട് കായലിലൂടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സർവീസായ കുമരകം - മുഹമ്മ ജലപാതയിൽ കാലപ്പഴക്കം ചെന്ന ബോട്ടുകൾ മാറ്റി പുതിയ ബോട്ടുകൾ സർവീസിനിറക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ജലഗതാഗത വകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയായില്ല. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാതെയാണ് ജലഗതാഗത വകുപ്പിന്റെ സർവീസെന്നാണു യാത്രക്കാരുടെ പരാതി.