ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷൻ; കുരുക്കിൽപെട്ട് യാത്രക്കാർ

Mail This Article
പാലാ ∙ ആകെക്കുരുങ്ങി ഏറ്റുമാനൂർ– പൂഞ്ഞാർ സംസ്ഥാന പാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷൻ. അപകടങ്ങളും ജംക്‌ഷനിൽ പതിവാകുന്നു. ആംബുലൻസുകൾ അടക്കം റോഡിൽ കുരുങ്ങുന്നു.
ജംക്‌ഷന്റെ പ്രാധാന്യം
മാർ സ്ലീവാ മെഡിസിറ്റി, തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോന പള്ളി, ബിവിഎം കോളജ്, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കു തിരിയുന്നതു ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷനിലാണ്. ആശുപത്രിയിലേക്കുള്ള ആംബുലൻസുകൾ വരുന്നതും ഈ വഴി തന്നെ. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവംകുളം വഴി കിടങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളും ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് പാലം വഴിയാണ് പോകുന്നത്.
പ്രശ്നങ്ങൾ
∙ ഗതാഗത നിയന്ത്രണത്തിന് മാർഗങ്ങളില്ല. സിഗ്നൽ സംവിധാനങ്ങളില്ല.
∙ ചേർപ്പുങ്കൽ പഴയ റോഡിലെ ചകിണിപ്പാലം അപകടാവസ്ഥയിൽ. അതിനാൽ നേരത്തെ പഴയ റോഡ് വഴി പോയിരുന്ന ബസുകൾ എല്ലാം ഇപ്പോൾ ഹൈവേ ജംക്‌ഷൻ വഴി.
∙ ബസുകൾക്ക് നിർത്താൻ പ്രത്യേക ഇടമില്ല. അതിനാൽ റോഡിൽത്തന്നെ ബസ് നിർത്തുന്നു. ഇതു ഗതാഗതക്കുരുക്കിലേക്കു നയിക്കുന്നു.
∙ ചേർപ്പുങ്കൽ പാലം കടന്നെത്തി പ്രധാന റോഡിലേക്കു കയറുന്ന വാഹനങ്ങൾക്കു പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധം റോഡിൽ മറവ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
പരിഹാരം
∙ ഹൈവേ ജംക്‌ഷൻ വീതി കൂട്ടി റൗണ്ടാന സ്ഥാപിക്കുക.
∙ സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തുക.
∙ ചേർപ്പുങ്കൽ പഴയ റോഡിലെ ചകിണിപ്പാലം പുനർ നിർമാണം നടത്തുക. ബസുകൾ പഴയതു പോലെ ഇതുവഴി കടത്തിവിടുക.