ഗതാഗതദുരിതം: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഓട നിർമാണം പാതിവഴിയിൽ; കുഴിയിൽ വീണ് യാത്രക്കാർ
Mail This Article
എരുമേലി ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓട നിർമാണം പാതിവഴിയിൽ മുടങ്ങിയതിനെ തുടർന്ന് അപകടങ്ങൾ പതിവാകുന്നതായി കച്ചവടക്കാർ. കഴിഞ്ഞ 2 ആഴ്ചയായി ഓട നിർമാണം മുടങ്ങിക്കിടക്കുകയാണ്. കടകൾക്കു മുന്നിലെ ഓട നവീകരിക്കാനായി മണ്ണുമാന്തി കൊണ്ട് മണ്ണ് നീക്കം ചെയ്ത നിലയിൽ കിടക്കുകയാണ്. ഇവിടെ ഓടയുടെ കോൺക്രീറ്റിങ് ജോലികൾ ആണു നടത്താനുള്ളത്. തുറന്നു കിടക്കുന്ന ഓട ശ്രദ്ധിക്കാതെ കടകളിലേക്കു കയറാൻ എത്തുന്നവർ കുഴിയിലേക്ക് വീഴുകയാണ്.കഴിഞ്ഞ ആഴ്ച 2 പേരും കഴിഞ്ഞ ദിവസം ഒരു സ്കൂൾ വിദ്യാർഥിയും ഈ കുഴിയിൽ വീണു പരുക്കേറ്റതായി സമീപത്തെ കച്ചവടക്കാർ പറയുന്നു.
കടകളിൽ കയറിയ ശേഷം ആളുകൾ കുഴി ശ്രദ്ധിക്കാതെ അപകടത്തിൽപെടാൻ പോകുന്ന സന്ദർഭങ്ങളിൽ കച്ചവടക്കാരാണു രക്ഷയ്ക്ക് എത്തുന്നത്. ബസ് സ്റ്റാൻഡിനു പിന്നിലെ പാറക്കെട്ടുകളിൽ നിന്ന് ഉറവ വെള്ളം ഒഴുക്കി വിടുന്നതിനാണു ഓട നിർമിച്ചിട്ടുള്ളത്. ഓടയിൽ കൂടി റോഡ് മറി കടന്ന് എരുമേലി ചെറിയ തോട്ടിലേക്ക് ഈ ജലം ഒഴുകിപ്പോകുകയാണ്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ച ഓട നിർമാണം ഇഴയുകയാണ്. അശാസ്ത്രീയമായി മണ്ണ് നീക്കം ചെയ്യുന്നതുമൂലം ഉറവ വെള്ളം കെട്ടികിടക്കുകയാണെന്നാണു കച്ചവടക്കാർ പറയുന്നത്.
വെള്ളം കെട്ടികിടക്കുന്നതു മൂലം കോൺക്രീറ്റ് ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നാണു കരാറുകാരും പറയുന്നത്. ബസ് സ്റ്റാൻഡിനു പിന്നിൽ ബസുകളുടെ മറവിൽ യാത്രക്കാർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുകയും ഇത് ഓടയിലേക്ക് ഒലിച്ച് പരിസര മലിനീകരണത്തിനും കാരണമാകുന്നു. എത്രയും വേഗം ഓടയുടെ നിർമാണം പൂർത്തിയാക്കണമെന്നാണു കച്ചവടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ബസും കയറാം, മീനും പിടിക്കാം; ഇത് എരുമേലി ബസ് സ്റ്റാൻഡ്
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വരുന്നവർ ബസ് കാത്തുനിൽക്കുന്നതിന്റെ മുഷിച്ചിൽ മാറ്റാൻ കയ്യിൽ ഒരു ചൂണ്ട കൂടി കരുതിയാൽ മതി. കാരണം ബസ് സ്റ്റാൻഡിലെ ഓടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മീനുകൾ വളർന്നു തുടങ്ങിയ മീനുകൾക്ക് ചൂണ്ടയിടാം. ബസ് സ്റ്റാൻഡിലെ ഓട നിർമാണം പാതി വഴിയിൽ നിലച്ചതോടെയാണ് ആഴ്ചകളായി ഓടയിൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയത്.ഇതിലാണ് അക്വേറിയം എന്നപോലെ ചെറുമീനുകൾ നിറഞ്ഞിട്ടുള്ളത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചെറിയ മീൻകുഞ്ഞുങ്ങൾ നിറഞ്ഞതു മൂലം കൊതുകു ശല്യം കുറവാണെന്നത് ആശ്വാസമാണെന്നു കച്ചവടക്കാർ പറയുന്നത്.