കാൽനടയാത്ര സുരക്ഷിതമാക്കാൻ പെഡസ്ട്രിയൻ ക്രോസിങ് ഒരുക്കി നഗരസഭ

Mail This Article
ചങ്ങനാശേരി ∙കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി പെഡസ്ട്രിയൻ ക്രോസിങ് സംവിധാനം ഒരുക്കി നഗരസഭ. ചങ്ങനാശേരി – വാഴൂർ റോഡിൽ എസ്ബി ഹൈസ്കൂളിനു മുൻപിലാണു സംവിധാനം ആരംഭിച്ചിരിക്കുന്നത്. എസ്ബി ഹൈസ്കൂൾ, സെന്റ് ആൻസ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണു ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെ ഇത് ഒരുക്കിയിരിക്കുന്നത്. ഇവിടെ തിരക്കേറിയ റോഡിൽ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് കുറുകെ കടക്കാൻ വിദ്യാർഥികളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. പുതിയ സംവിധാനത്തോടെ ഇതിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 8.15 മുതൽ 10 വരെയും വൈകിട്ട് 3.15 മുതൽ 5.30 വരെയുമാണു പ്രവർത്തിക്കുന്നത്. പൂർണമായും ഓട്ടമാറ്റിക്കായാണു പ്രവർത്തനം.
സിസിടിവി ക്യാമറ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർക്കും ട്രാഫിക് ദൃശ്യങ്ങൾ ലഭിക്കും വിധമാണു ക്രമീകരണം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ബീനാ ജോബി നിർവഹിച്ചു. ഉപാധ്യക്ഷൻ മാത്യൂസ് ജോർജ് അധ്യക്ഷത വഹിച്ചു. എസ്ബി ഹൈസ്കൂൾ മാനേജർ ഡോ. ക്രിസ്റ്റോ നേര്യംപറമ്പിൽ, എസ്എച്ച്ഒ വിനോദ്കുമാർ, എസ്ബി ഹൈസ്കൂൾ പ്രിൻസിപ്പൽ ഡോ. ആന്റണി മാത്യൂസ്, പ്രധാനാധ്യാപകൻ ഫാ. റോജി വല്ലയിൽ, സെന്റ് ആൻഡ് ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ അൻസ, നഗരസഭാ കൗൺസിൽ അംഗങ്ങളായ ടെസ വർഗീസ്, രാജു ചാക്കോ, ബെന്നി ജോസഫ്, ട്രാഫിക് പൊലീസ് ഇൻസ്പെക്ടർമാരായ തോമസ് ജോസഫ്, പി.പി.മനോജ്, മുൻ പൊലീസ് ഇൻസ്പെക്ടർ റെജിമോൻ, എഎസ്ഐമാരായ ശ്രീവിദ്യ, അംബിക, എസ്ബി ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ പ്രവീൺ കെ മാത്യു, ലീന മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
പ്രവർത്തനം അറിയാം
∙ റോഡ് കടക്കാനായി പെഡസ്ട്രിയൻ സംവിധാനത്തിനടുത്ത് കാത്ത് നിൽക്കുക.
∙ പെഡസ്ട്രിയൻ സിഗ്നലിൽ ചുവന്ന് ലൈറ്റ് മാറി കാൽനടയാത്രക്കാർക്കുള്ള പച്ച ലൈറ്റ് തെളിയുമ്പോൾ ഉപകരണത്തിൽ നിന്ന് അലാം കേൾക്കാം. ഉപകരണത്തിനു മുൻപിലുള്ള ഡോം വൈബ്രേറ്റ് ചെയ്യും. തുടർന്ന് റോഡ് കുറുകെ കടക്കാനുള്ള സിഗ്നൽ തുടർച്ചയായി പ്രകാശിക്കും. ഇനി റോഡ് മുറിച്ചു കടക്കാം. ഈ സമയം തന്നെ ഇരുവശത്ത് നിന്നും റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങൾക്ക് സിഗ്നൽ സംവിധാനത്തിലൂടെ ചുവപ്പ് ലൈറ്റ് തെളിയും. വാഹനങ്ങൾ നിർത്തണം.
∙ കേൾവി പരിമിതർക്കായി പെഡസ്ട്രിയൻ ഉപകരണത്തിൽ ഡോം സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്പർശിച്ച് നിൽക്കുകയാണെങ്കിൽ ഡോം വൈബ്രേറ്റ് ചെയ്യുന്ന സമയം റോഡ് മുറിച്ചു കടക്കാം.
∙ കാഴ്ചപരിമിതർക്കു പെഡ്സ്ട്രിയനിൽ നിന്നും കേൾക്കുന്ന ബീപ് ശബ്ദത്തിലൂടെ ഇതിനടുത്ത് എത്താനും അലാം ശബ്ദം കേട്ട് റോഡ് കുറുകെ കടക്കാനും കഴിയും.