ADVERTISEMENT

കോട്ടയം ∙ 8 വർഷം മുൻപ് കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ് ഒരു സൂചന നൽകി. മീനച്ചിലാറിന്റെ തീരത്തു കൂടി നടത്തിയ പഠനത്തിൽ ചങ്ങാതിത്തുമ്പികളെ കണ്ടെത്തി. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന ചങ്ങാതിത്തുമ്പികൾ ജലമലിനീകരണത്തിന്റെ സൂചനയാണ്. തുടർന്നു നടന്ന എല്ലാ പഠനങ്ങളിലും ഇതേ റിപ്പോർട്ട് തന്നെ ലഭിച്ചു. മീനച്ചിലാർ മലിനമാകുന്നു എന്നതിന് ഇതിലും വലിയ ഒരു സൂചന ആവശ്യമില്ല.

കേരളത്തിലെ നഗരനദി
78 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന മീനച്ചിലാറിന്റെ ഉദ്ഭവപ്രദേശത്ത് 3–4 കിലോമീറ്റർ ഒഴികെ ബാക്കിയെല്ലാം ജനവാസ മേഖലകളാണ്. ഇത്രയും അധികം ജനവാസ മേഖലയിലൂടെ ഒഴുകുന്ന ഒരു നദി അപൂർവമാണ്. അതിനാൽത്തന്നെ നഗരമാലിന്യങ്ങളാണു മീനച്ചിലാറ്റിൽ വർധിക്കുന്നത്.

മീനച്ചിലാറ്റിലെ മാലിന്യപ്രശ്നംഇങ്ങനെ
∙ കിഴക്കൻ മേഖല മുതൽ നഗ മാലിന്യം ആറ്റിൽ നിറയുന്നു. വീടുകളിൽ നിന്നു മാലിന്യമെത്തുന്നു.
∙ സൂവിജ് മാലിന്യവും ആറ്റിലേക്കു തള്ളുന്നു. ഇതാണു കോളിഫോം ബാക്ടീരിയ നിരക്ക് വർധിക്കാൻ കാരണം.
∙ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലക്കുഴൽ നേരെ ആറ്റിലേക്കു വയ്ക്കുന്നതും പല സ്ഥലത്തും കാണാം.
∙ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവും ഓരോ വർഷവും കൂടുന്നു.
∙ കിഴക്കൻ മേഖലയിൽ നിന്നെത്തുന്ന മുഴുവൻ മാലിന്യവും നാഗമ്പടം മുതൽ താഴേക്ക് അടി‍ഞ്ഞു കൂടുന്നു.

∙ എക്കൽ അടിഞ്ഞ് പടിഞ്ഞാറൻ മേഖലയിൽ ആഴം കുറയുന്നു
∙ മീനച്ചിലാറിന്റെ ഒരു കൈവഴിയായ പെണ്ണാർ തോട് വേമ്പനാട്ട് കായലിൽ ചേരുന്ന ഭാഗത്ത് വലിയ മൺതിട്ട രൂപപ്പെട്ടു. ഇതു വഴി ആറ്റിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു.
∙ പാടശേഖരങ്ങളിലെ രാസ വളത്തിന്റെയും കീടനാശിനിയുടെയും അംശം കലർന്ന വെള്ളം എത്തുന്നതും മലിനീകരണ തോത് വർധിപ്പിക്കുന്നു.
∙ പോള, പായൽ എന്നിവ ചീഞ്ഞ് അടിത്തട്ടിൽ അടിയുന്നു.
∙ വെള്ളപ്പൊക്ക കാലത്ത് ഒഴുകിയെത്തുന്ന ചത്ത പക്ഷികളുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ പടിഞ്ഞാറൻ പ്രദേശത്ത് അടിത്തട്ടിൽ അടിയുന്നു.

ജീവൻ നഷ്ടപ്പെടുന്ന മീനച്ചിലാർ
മീനച്ചിലാറ്റിലെ വെള്ളത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞതായി കഴി‍ഞ്ഞ വർഷം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.  മനുഷ്യവിസർജ്യത്തിൽ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ അളവും വെള്ളത്തിൽ ക്രമാതീതമായി കൂടിയതായും കണ്ടെത്തി.ആറിന്റെ തുടക്കമായ അടുക്കം മുതൽ ഒഴുകിച്ചേരുന്ന പഴുക്കാനിലക്കായൽ വരെ 14 സ്ഥലങ്ങളിലെ സാംപിളുകൾ പരിശോധിച്ചായിരുന്നു പഠനം. എണ്ണയുടെ സാന്നിധ്യം വർധിച്ചു. മാലിന്യം മീനുകൾക്കും മനുഷ്യർക്കും ഭീഷണിയാണ്.

മീനച്ചിലാറിന്റെ പ്രാധാന്യം
ജില്ലയിലെ 20 പഞ്ചായത്തുകളും 3 നഗരസഭകളും മീനച്ചിലാറ്റിലെ ജലവിതരണ ശൃംഖലയെ ആണ് ആശ്രയിക്കുന്നത്. ജലഅതോറിറ്റിയുടെ 9 മേജർ ശുദ്ധജല പദ്ധതികളും 4 മൈനർ ശുദ്ധജല പദ്ധതികളും മീനച്ചിലാറ്റിലുണ്ട്.

(ജലഅതോറിറ്റിയുടെ പ്രധാന പമ്പിങ് കേന്ദ്രങ്ങൾ, ആശ്രയിക്കുന്ന തദ്ദേശ സ്ഥാപനം ക്രമത്തിൽ)
∙ പാലാ–  പാലാ നഗരസഭ
∙ കിടങ്ങൂർ കാവാലിപ്പുഴ പമ്പ് ഹൗസ് –കിടങ്ങൂർ.
∙ മുത്തോലി –കൊഴുവനാൽ, അകലക്കുന്നം, മുത്തോലി
∙ ആറുമാനൂർ–അയർക്കുന്നം, കൂരോപ്പട, 

പാമ്പാടി.
∙ തിരുവഞ്ചൂർ കോട്ടയം ഭാഗം –കോട്ടയം നഗരസഭ, പുതുപ്പള്ളി.
∙ തിരുവഞ്ചൂർ അക്കരെ ഭാഗം –മെഡിക്കൽ കോളജ്, ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, അയ്മനം, നീണ്ടൂർ, ആർപ്പൂക്കര.
∙ വെള്ളൂപ്പറമ്പ്–  നാട്ടകം, കുമരനല്ലൂർ, കുമരകം, വിജയപുരം, പനച്ചിക്കാട്, മണർകാട്.∙ താഴത്തങ്ങാടി –കുമരകം, തിരുവാർപ്പ്.
∙ അയ്മനം– മെഡിക്കൽ കോളജ്. 

മീനച്ചിലാർ മൈനർ പദ്ധതികൾ 
∙ തലനാട്
∙ പൂഞ്ഞാർ തെക്കേക്കര
∙ ഈരാറ്റുപേട്ട
∙ തേവരുപാറ

കേഴുന്നു മണിമലയാറും 
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിന്നാരംഭിക്കുന്ന മണിമലയാറ്റിലും തുടക്കം മുതൽ മലിനീകരണ ഭീഷണി നേരിടുന്നു. മുണ്ടക്കയം ടൗണിലെ ഓടകളിലെ മാലിന്യങ്ങൾ വഹിച്ചുകൊണ്ടാണു മണിമലയാർ ഒഴുക്ക് ആരംഭിക്കുന്നത്. ടൗണിൽ നിന്നു വരുന്ന അഴുക്കുചാൽ തുറസ്സായ സ്ഥലത്ത് ആറ്റിലേക്ക് നേരിട്ടൊഴുക്കുന്നു.  തുടർന്നു താഴേക്കുള്ള യാത്രയിൽ വീടുകളിലെ ശുചിമുറികളുടെ കുഴലുകൾ വരെ ആറ്റിലേക്ക് തുറന്ന നിലയിലാണ്. വീടുകളിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളുന്നതും മണിമലയാറ്റിലേക്കു തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com