പൈപ്പിലൂടെ തുള്ളി വെള്ളം പോയിട്ട് കാറ്റു പോലും വന്നിട്ടില്ല, പക്ഷേ ഒരു കെട്ട് ബില്ല് വന്നു!
Mail This Article
കോട്ടയം ∙ പൈപ്പിലൂടെ തുള്ളി വെള്ളം പോയിട്ട് കാറ്റും പോലും വന്നിട്ടില്ല. എന്നിട്ടാണ് ലഭിക്കാത്ത ശുദ്ധജലത്തിന് ജലഅതോറിറ്റിയുടെ ബിൽ വന്നതെന്ന് മൂലേടം തച്ചുകുന്ന് നിവാസികൾ. ഇന്നലെയാണ് പ്രദേശവാസികൾക്ക് ജലഅതോറിറ്റി അധികൃതർ ബിൽ നൽകാനെത്തിയത്. നാലു കുടുംബങ്ങൾക്ക് ബിൽ നൽകിയതോടെ ജനം പ്രതിഷേധിച്ചു. 444 രൂപ രേഖപ്പെടുത്തിയ രസീതുകളാണ് ഒരോ കുടുംബത്തിനും നൽകിയത്. 100 കുടുംബങ്ങൾക്കാണ് ജലഅതോറിറ്റി തച്ചുകുന്നിൽ കണക്‌ഷനുകൾ നൽകിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ശുദ്ധജലം ഇതുവരെ എത്തിയിട്ടില്ലാത്ത പൈപ്പ് കണക്‌ഷൻ മാത്രമുള്ളവർക്ക് നൽകാൻ ഒരു കെട്ട് ബില്ലുമായാണ് ഉദ്യോഗസ്ഥർ വന്നതെന്നും നാട്ടുകാർ പറയുന്നു.
പ്രതിഷേധം ഉയർന്നതോടെ നൽകിയ ബിൽ തിരികെവാങ്ങി ഉദ്യോഗസ്ഥർ മടങ്ങി. പ്രദേശത്തേക്കുള്ള പൈപ്പ് കണക്‌ഷനുകൾ എട്ടു മാസം മുൻപാണു സ്ഥാപിച്ചത്. നഗരസഭയിലും ജലഅതോറിറ്റി ഓഫിസിലെത്തി നാട്ടുകാർ സമരം നടത്തിയപ്പോഴാണു പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. ജലക്ഷാമം രൂക്ഷമായ സ്ഥലത്ത് പൈപ്പ് സ്ഥാപിക്കാനായി റോഡും കുത്തിപ്പൊളിച്ചു. റോഡ് തകർന്നതോടെ വിലയ്ക്ക് വാങ്ങുന്ന ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞില്ല. മഴ പെയ്താൽ ഏതാനും ദിവസത്തേക്കു ശുദ്ധജലം ലഭിക്കും. സമീപത്തുള്ള കിണർ മാത്രമാണ് ആശ്രയം. ഇവിടെ നിന്നാണു നൂറിലധികം കുടുംബങ്ങൾ ശുദ്ധജലം ശേഖരിക്കുന്നത്.
ബിൽ ഒഴിവാക്കാമെന്ന് ജലഅതോറിറ്റി
സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ജലഅതോറിറ്റി നൽകുന്ന വിശദീകരണം. കണക്‌ഷനുകൾ നൽകിയ ശേഷം വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തും. സാങ്കേതികപ്പിഴവ് കാരണം ബില്ലുകൾ ജനറേറ്റായതാവാം. പരാതി നൽകിയാൽ ബിൽ ഒഴിവാക്കുമെന്നും ജലഅതോറിറ്റി അധികൃതർ അറിയിച്ചു.