ദുരിതപ്പെയ്ത്ത്: പെരുമഴയിൽ നാട് മുങ്ങി; അരയാഞ്ഞിലിമണ്ണ് കോസ്‌വേ മുങ്ങിയതോടെ 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു

Mail This Article
കോട്ടയം ∙ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 16 വീടുകൾക്കു ഭാഗികനാശം. വിവിധ സ്ഥലങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി.
∙ മലങ്കര ഡാം തുറന്നതോടെ മൂവാറ്റുപുഴയാറ്റിൽ ശക്തമായ വെള്ളമൊഴുക്ക്. വൈക്കം താലൂക്കിലെ താഴ്ന്ന ഭാഗങ്ങളിൽ വേഗത്തിൽ വെള്ളമുയരുന്നു. മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് അപകടനിരപ്പിനു മുകളിലേക്ക് ഉയരുന്നു.
∙ മീനച്ചിൽ, മണിമലയാറുകളിലും വെള്ളം ഉയർന്നു. അപകടനിരപ്പ് കടന്നിട്ടില്ല.
∙ നാട്ടകം ഗെസ്റ്റ് ഹൗസ്, ശാസ്ത്രി റോഡ്, തിരുവഞ്ചൂർ ചെത്തിപ്പടി എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന മരം മുറിച്ചുനീക്കി.
∙ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട– വാഗമൺ റോഡിലെ രാത്രിയാത്രയും ഓഗസ്റ്റ് 4 വരെ നിരോധിച്ചു.
∙ ജില്ലയിലെ എല്ലാ ഖനനപ്രവർത്തനവും ഓഗസ്റ്റ് 4 വരെ നിരോധിച്ചു.
∙ ശക്തമായ കാറ്റിൽ പാമ്പാടി വെള്ളൂരിൽ കനത്ത നാശം. വെള്ളൂർ ഇഞ്ചക്കാട്ട് ബോബി പി.കുര്യന്റെ അലൻസ് റബർ പ്രൊഡക്ട്സിന്റെ മേൽക്കൂര നിലംപതിച്ചു. തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നെങ്കിലും അപകടമില്ല. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. വെള്ളൂരിൽ വാഴക്കൃഷി നശിച്ചു.
∙ പെരുവ– ഇലഞ്ഞി റോഡിലും ആയാംകുടി– കല്ലറ റോഡിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതപോസ്റ്റുകളും ലൈനുകളും നശിച്ചു. റോഡിൽ ഗതാഗതതടസ്സമുണ്ടായി.

കോസ്‌വേകൾ മുങ്ങി
∙ അഴുതയാറ്റിലെ മൂക്കൻപെട്ടി, പമ്പയാറ്റിലെ അരയാഞ്ഞിലിമണ്ണ് കോസ്‌വേകൾ പൂർണമായും മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. മുക്കൂട്ടുതറ ഇടകടത്തി അരയാഞ്ഞിലിമണ്ണ് കോസ്‌വേ മുങ്ങിയതോടെ 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു. മൂക്കൻപെട്ടി കോസ്‌േവയിൽ വെള്ളം കയറി. മറുകരയിൽ താമസിക്കുന്നവരുടെ യാത്ര ബുദ്ധിമുട്ടിലായി.പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഈ മേഖലയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂളിലും പോകാനായില്ല.
ഉദ്യോഗസ്ഥർ, മറ്റ് തൊഴിലാളികൾ തുടങ്ങിയവർക്കും ജോലി തടസ്സപ്പെട്ടു. മൂക്കൻപെട്ടി കോസ്‌വേയിലെ ചില കൈവരികളും സുരക്ഷയ്ക്കായി സ്ഥാപിച്ച താൽക്കാലിക മുളവേലിയും ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കോസ്‌വേയിൽ വെള്ളം കയറിയതോടെ എയ്ഞ്ചൽവാലി നിവാസികൾ തുലാപ്പള്ളി– വട്ടപ്പാറ വഴിയാണ് കണമലയിലേക്ക് എത്തുന്നത്.