വീശിയടിച്ച് കാറ്റും മഴയും; വ്യാപക നാശനഷ്ടം

Mail This Article
വൈക്കം ∙ ശക്തമായ കാറ്റിലും മഴയിലും മരം വീണ് 3 വീടുകൾക്ക് കേടുപാടു സംഭവിച്ചു. തലയാഴം പഞ്ചായത്തിൽ ചെഞ്ചേരി മണിയപ്പൻ, വെള്ളൂർ ഇരുമ്പയം പള്ളിയാട്ട് കുട്ടൻ, ചെമ്പ് കാട്ടിക്കുന്ന് ചാണിയിൽ നസീർ എന്നിവരുടെ വീടിനു മുകളിലേക്കാണ് മരം വീണത്.

കുട്ടൻ, നസീർ എന്നിവരുടെ വീടിനു മുകളിൽ തിങ്കളാഴ്ച രാത്രിയിലും മണിയപ്പന്റെ വീടിനു മുകളിൽ ഇന്നലെ രാവിലെയുമാണ് മരം വീണത്. ആർക്കും പരുക്കില്ല. വെള്ളൂർ – ഇറുമ്പയം റോഡിൽ തിങ്കളാഴ്ച രാത്രി വീണ മരം ഇന്നലെ പുലർച്ചെയാണ് വെട്ടി നീക്കിയത്.
∙ ശക്തമായ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മൂവാറ്റുപുഴയാറ്റിൽ ഒഴുക്ക് ശക്തമായതോടെ തീരങ്ങളിൽ താമസിക്കുന്നവർ മണ്ണിടിച്ചിൽ ഭീതിയിലാണ്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. തട്ടാവേലി – പാറയ്ക്കൽ, തട്ടാവേലി – മുക്കം റോഡ് മൂവാറ്റുപുഴയാറ്റിലേക്ക് ഇടിഞ്ഞുതാണിട്ട് നാളിതുവരെ നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു.
