കാഴ്ച മറച്ച് ഭാരവാഹനങ്ങൾ: റോഡരികിലെ പാർക്കിങ് അപകടക്കെണി

Mail This Article
ചങ്ങനാശേരി ∙ റോഡിലെ കാഴ്ച മറച്ച് ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിങ്. പൊലീസും മോട്ടർവാഹന വകുപ്പും നടപടിയെടുക്കണമെന്ന് ആവശ്യം. നഗരത്തിൽ വിവിധയിടങ്ങളിലാണു ഭാരവാഹനങ്ങളുടെ അനധികൃത പാർക്കിങ് പെരുകുന്നത്. എംസി റോഡിൽ എസ്ബി കോളജ് കവാടത്തിനു മുൻപിൽ ലോറികളുടെ നീണ്ട നിരയാണ്. ഇത്തരത്തിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കയറി യാത്രക്കാർക്ക് പരുക്കേറ്റത് മാസങ്ങൾക്കു മുൻപാണ്.
നഗരത്തിന്റെ പ്രവേശനപാതയായ ഇവിടെ വഴിയരികിൽ ലോറി പാർക്ക് ചെയ്തിരിക്കുന്നത് പലപ്പോഴും വാഹനയാത്രക്കാരുടെ റോഡിലെ കാഴ്ച മറയ്ക്കാനിടയാക്കുന്നു. കൂടാതെ കോളജിൽ നിന്ന് ഇറങ്ങി വരുന്ന വാഹന യാത്രക്കാർക്ക് ലോറി കിടക്കുന്നതിനാൽ എംസി റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടാണ്. കോളജ് വിദ്യാർഥികൾക്കും റോഡ് കുറുകെ കടക്കാൻ ബുദ്ധിമുട്ടാണ്. ഒട്ടേറെ അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് ഉണ്ടായത്. അപകടങ്ങൾ പെരുകിയപ്പോൾ ഈ ഭാഗത്തെ പാർക്കിങ് പൊലീസ് നിരോധിച്ചെങ്കിലും കാര്യങ്ങൾ വീണ്ടും പഴയ പടിയായി.
നഗരത്തിൽ പാർക്കിങ് സംവിധാനമില്ലാത്തതിനാൽ ചെറു വാഹനങ്ങളും ഈ ഭാഗത്താണ് കൂടുതലായും പാർക്ക് ചെയ്യുന്നത്. ഇതു കാരണം എംസി റോഡിൽ വലിയ ഗതാഗതക്കുരുക്കാണ്. ടിബി റോഡ്, മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം എന്നിവിടങ്ങളിലും ഭാരവാഹനങ്ങളുടെ പാർക്കിങ് പതിവാണ്.