2021ൽ ഉരുളെടുത്ത കാവാലി, പ്ലാപ്പള്ളി, കൊക്കയാർ എന്നിവിടങ്ങളിലൂടെ ഒരു യാത്ര
Mail This Article
മുണ്ടക്കയം ∙ ‘നഷ്ടപരിഹാരം എത്ര തന്നാലും നഷ്ടമായ ജീവൻ തിരികെ തരാൻ ആർക്കും കഴിയില്ലല്ലോ. വയനാട്ടിലെ ജനങ്ങൾക്കായി പ്രാർഥിക്കാം. വേറെയെന്തു ചെയ്യാൻ കഴിയും.’ പ്ലാപ്പള്ളി പന്തലാട്ടിൽ മോഹൻ ഇതുപറയുമ്പോൾ ഭാര്യ സരസമ്മയുടെ മുഖമാണ് മനസ്സിൽ. 2021 ഒക്ടോബർ 16നുണ്ടായ മലവെള്ളപ്പാച്ചിലിൽ സരസമ്മ ഉൾപ്പെടെ 21 പേരാണ് മരിച്ചത്. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, പ്ലാപ്പള്ളി, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി എന്നിവിടങ്ങളിലാണ് അന്ന് ഉരുൾപൊട്ടിയത്. വയനാട്ടിൽ രാത്രിയാണു ദുരന്തം ഉണ്ടായതെങ്കിൽ ഇവിടെ പകലായിരുന്നു എന്നത് വ്യത്യാസം. മുണ്ടക്കയം ടൗണിൽ മണിമലയാറിനോടു ചേർന്ന ഭാഗങ്ങളിലും കൂട്ടിക്കൽ ടൗണിലും വെള്ളം കയറി. മുണ്ടക്കയം ടൗണിലും വലിയ നാശമുണ്ടായി. 2വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഓർമകൾ നാടിനെ ഇപ്പോഴും ഭീതിയിലാഴ്‌ത്തുന്നു.
കാടുവളർന്ന് ദുരന്ത മേഖല
മൂന്ന് കൊച്ചു കുട്ടികൾ അടങ്ങിയ കാവാലി ഒട്ടലാങ്കൽ മാർട്ടിന്റെ ആറംഗ കുടുംബത്തെ മരണം വിളിച്ച ഉരുൾ വഴിയിൽ ഇപ്പോൾ പച്ചിലകൾ കാഴ്ചകൾ മറച്ചു തുടങ്ങി. വീട് ഇരുന്ന സ്ഥലം ആകെ കാടുമൂടിക്കിടക്കുന്നു. ഇവിടെ ഉരുൾപൊട്ടിയതിന്റെയോ വീട് ഇരുന്നതിന്റെയോ ഒരു ലക്ഷണവുമില്ല. പ്ലാപ്പള്ളിയിൽ 4 പേർ മരിച്ച സ്ഥലവും ആളനക്കമില്ലാതെ കിടക്കുന്നു. ഭാഗികമായി തകർന്ന 2 വീടുകൾ ഇപ്പോഴും ആൾപ്പാർപ്പില്ലാതെ കിടക്കുന്നു.
ഈ വീടുകളിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഏന്തയാർ ഭാഗത്തേക്കു താമസം മാറ്റി. പ്രദേശം വിജനമാണ്. ഇടുക്കി ജില്ലയിലെ പൂവഞ്ചിയിൽ ഏഴ് പേരുടെ ജീവൻ മണ്ണിനടിയിലേക്കു താഴ്ന്ന സ്ഥലം ഇപ്പോൾ കാടു കയറിക്കിടക്കുന്നു. അപകട സ്ഥലത്തിനു സമീപത്തു താമസിച്ചിരുന്നവരെ വിവിധ സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. അപകട മേഖല ഇപ്പോൾ വിജനമാണ്. മുണ്ടക്കയം ടൗണിൽ മുറികല്ലുംപുറം, കല്ലേപ്പാലം ഭാഗങ്ങളിലും വീടുകൾ നഷ്ടപ്പെട്ടവരെയും സമീപ പഞ്ചായത്തുകളിലേക്ക് അടക്കം വീടും സ്ഥലവും നൽകി പുനരധിവസിപ്പിച്ചു. ഈ ദുരന്ത മേഖലകളും തകർന്ന പോലെ തന്നെ കിടക്കുന്നു. മറ്റു പ്രവർത്തനങ്ങൾ ഈ മേഖലയിൽ പിന്നീട് നടത്തിയിട്ടില്ല.
അതിജീവിച്ച് കൂട്ടിക്കൽ
70 കോടി രൂപയുടെ നഷ്ടമാണ് അന്ന് കൂട്ടിക്കൽ പഞ്ചായത്തിലെ 12 വാർഡുകളിൽ കണക്കാക്കിയത്. മുണ്ടക്കയം കൂട്ടിക്കൽ, കൊക്കയാർ വില്ലേജുകളിൽ 255 വീടുകൾ പൂർണമായി തകർന്നു. വീടും സ്ഥലവും നഷ്ടമായവർക്ക് ആകെ 7.8 കോടി രൂപ സർക്കാർ ധനസഹായം നൽകി. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി. വീട് നഷ്ടമായ ഓരോ കുടുംബങ്ങൾക്കും ആറ് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകി.
പൂർത്തിയാകാതെ പാലങ്ങൾ
ഉരുൾപൊട്ടലിൽ തകർന്ന റോഡുകൾ നന്നാക്കിയെങ്കിലും പാലങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. പ്രധാന പാലങ്ങളായ ഏന്തയാർ മുക്കുളം, വെള്ളനാടി, കൊക്കയാർ, ഇളംകാട് ചപ്പാത്ത് എന്നിവയുടെ നിർമാണം ഇതു വരെ പൂർത്തിയായിട്ടില്ല. ഇളംകാട് മ്ലാക്കര പാലത്തിന്റെ നിർമാണം പൂർത്തിയായി.