‘ഇത് രണ്ടാം ജന്മം’; 1974 ജൂലൈ 26ന് അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട സംഭവം ഓർമിച്ച് ഗിരീഷ്കുമാർ

Mail This Article
കോട്ടയം ∙ 1974 ജൂലൈ 26ന് അടിമാലിയിൽ 30 പേരുടെ ജീവൻ കവർന്ന ഉരുൾപൊട്ടലിൽ നിന്നു ഭാഗ്യംകൊണ്ടു രക്ഷപ്പെട്ട ഒരാളുണ്ട് കോട്ടയത്ത്. അരീപ്പറമ്പ് പൊട്ടേത്തുവീട്ടിൽ പി.ജെ.ഗിരീഷ്കുമാർ. ഗിരീഷിന് അന്നു 10 വയസ്സ്. അടിമാലി ഇരുനൂറേക്കറിലായിരുന്നു അന്നു താമസം. അഞ്ചാംപനി ആയതിനാൽ വീടിന്റെ തിണ്ണയിൽ പുതച്ചുമൂടിയിരിക്കുകയായിരുന്നു. പുറത്തു തോരാമഴ പെയ്യുന്നു. പെട്ടെന്നു ട്രെയിൻ ഇരമ്പിയെത്തും പോലെ ഒരു ശബ്ദംകേട്ടു. അമ്മ ഗോമതിയമ്മയും അതിഥികളായി വന്ന ബന്ധുക്കൾ കെ.കൃഷ്ണൻകുട്ടിയും ഭാര്യ വിലാസിനിയും അന്നു വീട്ടിലുണ്ട്.

വീടിനു മുന്നിലെ അരുവിയിലെ വെള്ളത്തിന്റെ നിറംമാറ്റം കണ്ടു കൃഷ്ണൻകുട്ടി പറഞ്ഞു; ‘കല്ലും മണ്ണും ഒഴുകിവരുന്നു, ഓടിക്കോ’. വീടുവിട്ടിറങ്ങി തിരിഞ്ഞുനോക്കാതെ ഓടിയത് എൻഎസ് മന്ദിരത്തിൽ കെ.ആർ.സുകുമാരന്റെ വീട്ടിലേക്കാണ്. അടിമാലി ഗവ.ജനത എൽപി സ്കൂളിലെ പ്രധാനാധ്യാപകൻ ആയിരുന്നു അദ്ദേഹം. ഉരുൾപൊട്ടിയ വിവരം അദ്ദേഹവും ഭാര്യ നളിനിയും അറിഞ്ഞിരുന്നു. പനിയുള്ള ഗിരീഷിനെ മുറിയിൽ കിടത്തി. അൽപസമയത്തിനു ശേഷം നേരത്തേകേട്ട അതേശബ്ദം വീണ്ടും കേട്ടു. പിന്നെ നിലവിളികളായിരുന്നു. 15 സെക്കൻഡിനുള്ളിൽ വീടിനുള്ളിലേക്കു ചെളിയും മണ്ണും ഒഴുകിയെത്തി.
എല്ലാവരും സമീപത്തെ സ്കൂളിലേക്കാണു ഓടിയത്. ഓട്ടത്തിനിടയിൽ ഗിരീഷിനു വഴിതെറ്റി. കാണാതായ ഗിരീഷിനെ തിരയാൻ കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തിറങ്ങി. ഗിരീഷ് കിടന്നിരുന്ന കട്ടിൽ ദൂരെ പാടത്തുനിന്നു കണ്ടെത്തി. കൈതച്ചാൽമലയും താഴ്‌വാരവും ചെളിയിൽ പുതഞ്ഞുപോയതായും ഇതു തന്റെ രണ്ടാം ജന്മമാണെന്നും ഗിരീഷ് പറയുന്നു. 1986ൽ അടിമാലിയിൽനിന്ന് അരീപ്പറമ്പിലെത്തി സ്ഥിരതാമസമാക്കിയ ഗിരീഷ് കോട്ടയം പ്രസ് ക്ലബ്ബിലെ ഫോട്ടോ ജേണലിസം കോഴ്സിൽ അധ്യാപകനും ഫൊട്ടോഗ്രഫറുമാണ്.