ADVERTISEMENT

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരങ്ങളാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾക്ക് ആധാരമാക്കുന്നത്. കാലാവസ്ഥാ വകുപ്പ് കേന്ദ്ര സർക്കാരിനു നൽകുന്ന മുന്നറിയിപ്പുകൾ സംസ്ഥാനങ്ങൾക്കു കൈമാറും.  കൊച്ചി കേന്ദ്രമാക്കി റഡാർ ഇമേജുകളും കേന്ദ്ര കാലാവസ്ഥാവകുപ്പ് സംസ്ഥാനത്തിനും ജില്ലാ ഭരണകൂടത്തിനും ലഭ്യമാക്കും. കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും തിരമാലകളുടെ സ്ഥിതി, കാറ്റിന്റെ സ്ഥിതി മത്സ്യബന്ധനത്തിനു പോകുന്നവർക്കുള്ള മുന്നറിയിപ്പ് എന്നിവയും ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് അലർട്ട് ജില്ലാ ആസ്ഥാനങ്ങളിലേക്കും ദുരന്തനിവാരണ അതോറിറ്റിയിലേക്കും എത്തും. ഇവിടെ നിന്നു മുന്നറിയിപ്പ് അടിയന്തര നടപടികൾക്കായി പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, തദ്ദേശ സ്വയംഭരണം, കൃഷി തുടങ്ങി വിവിധ വകുപ്പുകൾക്കു കൈമാറും. 

ദുരന്തനിവാരണ സമിതി
ദുരന്തമുണ്ടായാൽ അതിനോട് അനുയോജ്യമായ രീതിയിൽ പ്രതികരിച്ച് ദുരന്തം നിവാരണം ചെയ്യുന്നതിനും ഫലപ്രദമായ നടപടികൾ ഉറപ്പാക്കുന്നതിനുമായി ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് ആക്ട് പ്രകാരം രൂപീകരിച്ചതാണ് ജില്ലാ ദുരന്ത നിവാരണ സമിതി.

ജില്ലാ ദുരന്ത നിവാരണ സമിതിയുടെ പ്രവർത്തനങ്ങൾ
∙ ദുരന്തനിവാരണത്തിനായുള്ള പദ്ധതികൾ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. 
∙ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട എല്ലാ നോഡൽ ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, അനുയോജ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്യുന്നു. 
∙ ഏതൊരു ദുരന്തത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഫലപ്രദമായി നേരിടുന്നതിനുള്ള ക്രമീകരണങ്ങൾ തയാറാക്കുക. 

അലർട്ടിന്റെ തനിനിറം 
എല്ലാ മഴക്കാലങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. എന്താണ് അലർട്ട്? എപ്പോഴാണ് ഇതു പ്രഖ്യാപിക്കുക? റെഡ്, ഓറഞ്ച്, യെലോ, ഗ്രീൻ എന്നീ നിറങ്ങളിലാണ് അലർട്ടുകൾ. മഴയുടെ തീവ്രത അനുസരിച്ച് അപകട സൂചന നൽകുന്നതാണ് ഇവയെന്ന് അറിയാമെങ്കിലും ശാസ്ത്രീയ വശം ഭൂരിപക്ഷം പേർക്കും അറിയില്ല. പ്രധാനമായും മൂന്ന് തരത്തിലുള്ള അലർട്ടുകളാണ് നൽകുന്നത്.

റെഡ് അലർട്ട്
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിന് (എംഎം) മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂർ തുറന്നു പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും.  മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതു സമയവും അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. മുതിർന്ന ജില്ലാതല ഉദ്യോഗസ്ഥർ ജില്ലാ ആസ്ഥാനം വിട്ടുപോകരുത്. സുരക്ഷാ വാഹനങ്ങളുടെയും മണ്ണുമാന്തി യന്ത്രങ്ങളുടെയും അസ്കാ ലൈറ്റുകളുടെയും മറ്റും ലഭ്യത ഉറപ്പാക്കണം. രക്ഷാസേനയെ വിന്യസിക്കുക, ക്യാംപുകൾ സജ്ജമാക്കുക തുടങ്ങിയ നടപടിക്രമങ്ങളും റെഡ് അലർട്ട് നൽകിയാൽ പൂർത്തീകരിക്കണം.

ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണിത്. 24 മണിക്കൂറിൽ 115.5 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. ഈ മേഖലകളിൽ ജനങ്ങൾക്ക് അതിജാഗ്രത നിർദേശമാണ് നൽകുന്നത്. അപകട സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെയുള്ളവ തയാറാക്കി അധികൃതരുടെ നിർദേശത്തിനു കാക്കണം. ക്യാംപുകൾ തയാറാക്കണം. രക്ഷാസേന തയാറായി നിൽക്കണം. മാറ്റിപ്പാർപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും. ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

യെലോ അലർട്ട്
മഴയുടെ ശക്തി വർധിച്ചു വരുമ്പോൾ തന്നെ നൽകുന്ന ആദ്യ ഘട്ട ജാഗ്രതാ നിർദേശമാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പാണ് ഇത്. 24 മണിക്കൂറിൽ 64.5 മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തിലാണ് യെലോ അലർട്ട് പ്രഖ്യാപിക്കുക. യെലോ അലർട്ട് കണ്ട് പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ജാഗരൂകരായിരിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്തണം.

ഗ്രീൻ അലർട്ട്
ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ല. ജാഗ്രത പാലിക്കേണ്ട.കലക്ടർ അവധി പ്രഖ്യാപിക്കുന്നത് എങ്ങനെ?
ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് മുൻ കോട്ടയം കലക്ടർ കൂടിയായ ഇടുക്കി ജില്ലാ കലക്ടർ വി.വിഘ്നേശ്വരി ഫെയ്സ്ബുക്കിൽ കുറിച്ച അറിയിപ്പ് വൈറലാണ്. ‘കലക്ടറാണെന്നു വച്ച് വെറുതേ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ’ എന്നാണ് അവർ കുട്ടികളോട് പറഞ്ഞത്. ഇത് അക്ഷരാർഥത്തിൽ ശരിയാണ്. സ്കൂളുകൾക്ക് അവധി നൽകുന്നത് കൃത്യമായ മാനദണ്ഡപ്രകാരമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പാണ് ആദ്യം പരിഗണിക്കുക.  താലൂക്കുകളിൽ നിന്നും പൊലീസിൽ നിന്നുമുള്ള റിപ്പോർട്ടുകളും കണക്കിലെടുക്കും. മഴയുടെ അളവ്, കാറ്റിന്റെ ശക്തി, അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത, മുൻകാല ചരിത്രം, അലർട്ടുകൾ എന്നിവയെല്ലാം പരിഗണിച്ച ശേഷം കലക്ടർ വിവേചനാധികാരം ഉപയോഗിച്ചാണ് അവധി നൽകുന്നത്.

English Summary:

How Early Warning Systems Aid State Administration in Emergency Preparedness

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com