പ്രളയം കൊണ്ടുപോയ പാലത്തിന് പകരം നാട് കരങ്ങൾ ഉയർത്തി; നടപ്പാലം വരുന്നു
Mail This Article
കോരുത്തോട് ∙ കുത്തിയൊഴുകുന്ന പുഴയുടെ മുകളിലൂടെ തൂങ്ങിയാടുന്ന തൂക്കുപാലത്തിലൂടെ ഒരു യാത്ര.. കാൽ നൂറ്റാണ്ട് മുൻപ് അഴുതയാറ്റിൽ തോപ്പിൽക്കടവിൽ ഇങ്ങനെ ഒരു തൂക്കുപാലം ഉണ്ടായിരുന്നു. അതേ സ്ഥാനത്ത് ഇപ്പോൾ ഒരു ഹൈടെക് തൂക്കുപാലം ഒരുങ്ങുകയാണ്.
പ്രളയം ഏൽപിച്ച പ്രഹരം
ഓഗസ്റ്റ് 15 തോപ്പിൽക്കടവ് നിവാസികൾക്ക് ഭീതിപ്പെടുത്തുന്ന ഓർമകളുടെ ആറാം വാർഷികദിനമാണ്. 2018 ൽ കലിതുള്ളി പെയ്ത മഴയിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി അഴുതയാർ കരകവിഞ്ഞ് ഒഴുകിയ ദിനം. വലിയ മരത്തടികൾ ഒഴുകി എത്തി പാലത്തിൽ ഇടിച്ചതോടെ ഒറ്റനിമിഷംകൊണ്ട് തകർന്ന് പുഴയോടു ചേർന്നു. പഴയ തൂക്കുപാലത്തിന് പകരം നിർമിച്ച കോൺക്രീറ്റ് പാലമാണ് ഇല്ലാതായത്.
കാത്തിരുന്നു, പുതിയ പാലത്തിനായി
പാലം തകർന്ന് പിറ്റേന്ന് അഴുതയാറ്റിൽ വെള്ളം താഴ്ന്നപ്പോൾ തന്നെ എംഎൽഎമാർ അടക്കം ജനപ്രതിനിധികൾ എത്തി. കോട്ടയം –ഇടുക്കി ജില്ലാ അതിർത്തി ആയതിനാൽ ഉടൻ പാലം ഉടൻ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പാലം തകർന്നതോടെ, അക്കരെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പ്രദേശത്തുള്ള ആദിവാസികൾ ഉൾപ്പെടെയുള്ളവർ കുഴിമാവ് വഴി ചുറ്റിയായിരുന്നു യാത്ര. ഇതു ദുരിതമായതിനാൽ ആറ്റിൽ വെള്ളം കുറയുന്ന സമയത്ത് ചങ്ങാടം ഉപയോഗിച്ച് യാത്ര ചെയ്തു. അപ്പോഴെല്ലാം നാട് പാലത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നു.
നാട് കൈകോർത്തു നടപ്പാലം ഒരുങ്ങി
മണ്ണുപരിശോധനകൾ പലവട്ടം നടത്തി. പക്ഷേ, പാലംനിർമാണം ജലരേഖയായി. നടപ്പാലം നിർമിക്കാമെന്ന ആശയം ജനകീയ സമിതിയുടേത്. വലിയ തൂക്കുപാലം നിർമിക്കാൻ സംഭാവന പിരിച്ചു. അങ്ങനെ നിർമാണം തുടങ്ങി. സാങ്കേതികകാരണങ്ങളാലും പണമില്ലാത്തിനാലും നിർമാണം ഇടയ്ക്കെല്ലാം മുടങ്ങി. സന്നദ്ധസംഘടനകളുടെയും, വനം വകുപ്പ്, ഇഡിസി എന്നിവരുടെയും വ്യക്തികളുടെയും മതസ്ഥാപനങ്ങളുടെയും സഹകരണത്തോടെ പാലം അവസാനഘട്ടത്തിലേക്ക് എത്തി. രണ്ടാഴ്ചയ്ക്കകം ഉദ്ഘാടനം നടത്തും. നിർമാണത്തിന്റെ വരവുചെലവുകണക്കുകൾ ജനകീയ കമ്മിറ്റി നാട്ടുകാരെ അറിയിക്കും.