ADVERTISEMENT

കോട്ടയം ∙ നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥൻ സഹപ്രവർത്തകരുടെ പരിചയക്കുറവിനെ മറയാക്കിയെന്നു കണ്ടെത്തൽ. കോട്ടയ്തുനിന്നു വൈക്കത്തിനു സ്ഥലംമാറി പോയിട്ടും നഗരസഭയിലെ പെൻഷൻ ഫണ്ടിൽനിന്നു വീണ്ടും തട്ടിപ്പു നടത്താൻ അഖിൽ സി.വർഗീസിനു കഴിഞ്ഞെന്നും ഉദ്യോഗസ്ഥർ പറയുന്നു. അഖിൽ കോട്ടയത്ത് എത്തി കഴിഞ്ഞ മാസത്തെ പെൻഷനും അമ്മ ശ്യാമളയുടെ അക്കൗണ്ടിലേക്ക് അയച്ചു. പുതിയ ജീവനക്കാരുടെ പരിചയക്കുറവ് മൂലം സഹായിക്കാൻ എത്തിയാണ് തട്ടിപ്പു നടത്തിയത്.

"ഓഡിറ്റ് വിഭാഗത്തിനും തിരിമറി കണ്ടെത്താനായില്ല. സെക്​ഷൻ ക്ലാർക്കാണ് തട്ടിപ്പു കണ്ടെത്തിയത്. ചെക്കുകളും ഡ്രാഫ്റ്റുകളും അധ്യക്ഷയുടെ മേശപ്പുറത്തു വരില്ല. കുറ്റക്കാരെ ഉടൻ പിടികൂടും ".

സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുന്നതു വരെ പെൻഷൻ ഫയൽ കൃത്യമായിരിക്കും. സെക്രട്ടറി ഒപ്പിട്ട ശേഷം ബാങ്കിലേക്ക് പണം അയയ്ക്കുന്നതിനുള്ള സ്ലിപ്പിൽ അഖിലിന്റെ അമ്മയുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർത്തായിരുന്നു തട്ടിപ്പെന്നു നഗരസഭാ ഉദ്യോഗസ്ഥർ ഇപ്പോൾ കണ്ടെത്തി. പതിവുപോലെ ബാങ്ക് വഴി നേരിട്ട് പണം അയയ്ക്കുന്നതിന് ഇത്തവണ തടസ്സം വന്നു. പെൻഷൻ സ്ലിപ്പുകൾ പതിവില്ലാതെ ട്രഷറി വഴി ബാങ്കിലേക്ക് അയയ്ക്കാൻ തുടങ്ങിയപ്പോൾ അക്കൗണ്ടിൽ സംശയം ഉണ്ടായി. വിവരം അറിഞ്ഞ നഗരസഭയിലെ സെക്‌ഷൻ ക്ലാർക്ക് പെൻഷൻ ഫയലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്.

21 ഡിമാന്റ് ഡ്രാഫ്റ്റുകൾ മേശയിൽ
അഖിൽ സി.വർഗീസ് കൈകാര്യം ചെയ്തിരുന്ന സെക്‌ഷനിലെ മേശയിൽനിന്ന് ഉപയോഗിക്കാത്ത 21 ഡിമാന്റ് ഡ്രാഫ്റ്റുകൾ കണ്ടെത്തി. കരാർ പണികൾക്ക് കരാറുകാർ ദർഘാസ് പണമായി നൽകിയതാണ്. കോടികളാണ് ഇത്തരത്തിൽ നഗരസഭയുടെ അക്കൗണ്ടിൽ ചേർക്കാതെ നഷ്ടമായത്.

പെൻഷൻ ഫണ്ടിൽ നിന്ന് നഗരസഭാ ഉദ്യോഗസ്ഥൻ 3 കോടി തട്ടിയെടുത്തു
കോട്ടയം ∙ നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു 3 കോടി രൂപ ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി കണ്ടെത്തൽ. കോട്ടയം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈക്കം നഗരസഭയിലെ ക്ലാർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസിനെതിരെയാണ് പരാതി. കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനിൽ കുമാർ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു നൽകിയ പരാതിയെത്തുടർന്ന് കേസെടുത്തു.

വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

"4 വർഷമായി തനതുഫണ്ടിൽ നിന്ന് കോടികൾ മാറ്റിയിട്ടും ഉദ്യോഗസ്ഥരോ ഭരണസമിതിയോ അറിഞ്ഞില്ലെന്നു വിശ്വസിക്കാനാവുന്നില്ല. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടടെയും ഒത്താശ ഉണ്ടാകാം. സമഗ്ര അന്വേഷണം വേണം ".

പ്രാഥമികാന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു മൊഴിനൽകി. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായി. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ എൻജിഒ യൂണിയൻ അംഗം എന്ന നിലയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. താമസിയാതെ ഈരാറ്റുപേട്ടയിലേക്കു സ്ഥലംമാറ്റം തരപ്പെടുത്തി. അമ്മ കൊല്ലം കോർപറേഷനിലെ താൽക്കാലിക ജീവനക്കാരിയായി വിരമിച്ചയാളാണ്. വിജിലൻസ് അന്വേഷണത്തിനും വകുപ്പുതല നടപടിക്കും നഗരസഭാ കൗൺസിൽ ശുപാർശ ചെയ്തെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.

കൗൺസിൽ യോഗത്തിൽ അപ്രതീക്ഷിത വെളിപ്പെടുത്തൽ
പതിവുപോലെ സാധാരണ അജൻഡകളുമായി തുടങ്ങിയ കൗൺസിൽ യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷൻ ബി.ഗോപകുമാറിന്റെ ആരോപണത്തെത്തുടർന്നാണ് വൻ തട്ടിപ്പിന്റെ ചുരുൾ നിവ‍ർന്നത്. അജൻഡ നിർത്തിവച്ച് 3 കോടിയുടെ തട്ടിപ്പിന്റെ സത്യാവസ്ഥ ചർച്ച ചെയ്യണമെന്നു ഗോപകുമാർ ആവശ്യപ്പെട്ടു. സെക്രട്ടറി ബി.അനിൽകുമാർ കാര്യങ്ങൾ വിശദീകരിച്ചു. എം.പി.സന്തോഷ്കുമാർ, ജിബി ജോൺ, എൻ.എൻ.വിനോദ്, വിനു ആർ.മോഹൻ, ടി.ആർ.അനിൽകുമാർ, പി.ഡി.സുരേഷ്, ടി.എൻ.മനോജ്, പി.ആർ.സോന തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Kottayam Municipal Corporation Pension Scam: Akhil C. Varghese Under Scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com