ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി നിർമിക്കുന്ന പോസ്റ്റ്മോർട്ടം കം മോർച്ചറി കോംപ്ലക്സിന്റെ പണികൾ അന്തിമ ഘട്ടത്തിൽ. ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിച്ച് കെട്ടിടം ആശുപത്രിക്കു കൈമാറുമെന്ന് ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് അറിയിച്ചു. പുതിയ മോർച്ചറിയിൽ 8 മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ഉണ്ടായിരിക്കും. നിലവിലുള്ള മോർച്ചറിയിൽ 4 മൃതദേഹങ്ങൾ സൂക്ഷിക്കാനേ സൗകര്യമള്ളൂ. അധിക സംവിധാനത്തിന് ആവശ്യമായ തുക വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മുടക്കും. 

പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ 2 പോസ്റ്റ്മോർട്ടം ടേബിളുകൾ ഉണ്ടാകും. ഒരേ സമയം 2 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സൗകര്യമാണ് ഇതോടെയുണ്ടാകുന്നത്. ഡോക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും വിശ്രമിക്കാനുള്ള മുറികളും പുതിയ സമുച്ചയത്തിലുണ്ട്. ആശുപത്രിയുടെ പവർ റൂമിൽ നിന്നു വൈദ്യുതി ലഭ്യമാക്കും. മാലിന്യ നിർമാർജനത്തിനും പുതിയ കെട്ടിടത്തോടനുബന്ധിച്ചു സൗകര്യമൊരുക്കും. ചീഫ് വിപ്പിന്റെ നിവേദനത്തെ തുടർന്നാണു പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.

കെട്ടിടം നിർമിക്കാനായി കണ്ടെത്തിയ സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾക്ക് അൽപം കാലതാമസമുണ്ടായി. അതിനുശേഷം ടെൻഡർ ചെയ്ത പ്രവൃത്തികൾ നിർദേശിച്ച കാലാവധിക്കുള്ളിൽ പൂർത്തിയാകുന്ന തരത്തിൽ പുരോഗതി കൈവരിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണു നിർമാണ ചുമതല. വളരെയേറെ പഴക്കമുള്ള നിലവിലെ കെട്ടിടത്തിലെ അപര്യാപ്തതകൾ ഇതോടെ പരിഹരിക്കാനാകും. പുതിയ കന്റീൻ കെട്ടിടം നിർമിച്ചതു നിലവിലെ പോസ്റ്റ്മോർട്ടം മുറിയോടു ചേർന്നുവന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ കെട്ടിടത്തിലേക്കു പോസ്റ്റ്മോർട്ടം മുറി മാറ്റുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും. ഹൈറേഞ്ച് മേഖലയിലടക്കമുള്ള ജനങ്ങൾ പോസ്റ്റ്മോർട്ടം, മോർച്ചറി സേവനങ്ങൾക്കു കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com