വീടിനു മുന്നിലെ കിണർ ഇടിഞ്ഞുതാഴ്ന്നു; സംഭവം ഇന്നലെ രാവിലെ പത്തോടെ
Mail This Article
കാഞ്ഞിരപ്പള്ളി ∙ പട്ടിമറ്റം കറിപ്ലാവിനു സമീപം പാറയ്ക്കൽ പി.കെ.തങ്കപ്പന്റെ വീടിനു മുൻവശത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്നലെ രാവിലെ പത്തോടെ വലിയ ശബ്ദത്തോടെയാണു കിണർ ഇടിഞ്ഞുതാഴ്ന്നത്. രാവിലെ കിണറിനുള്ളിൽ നിന്നു വെള്ളം ഓളം തട്ടുന്ന ശബ്ദം കേട്ടു വീട്ടുകാർ നോക്കിയിരുന്നു. കിണറിനു സമീപത്തു നിന്നു തങ്കപ്പൻ മാറിയ ഉടനെയാണു സംരക്ഷണഭിത്തിയുൾപ്പെടെ ഇടിഞ്ഞുതാഴ്ന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു ശക്തമായ മഴയായിരുന്നു.
ഇവർ താമസിക്കുന്ന സ്ഥലത്തിന്റെ മുകൾ ഭാഗത്തു നിന്നു ശക്തമായ തോതിൽ വെള്ളത്തിന്റെ ഒഴുക്കും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കിണറിൽ ഇറക്കിയിരിക്കുന്ന റിങ് താഴ്ന്നതാണു പെട്ടെന്ന് ഇടിഞ്ഞുവീഴാൻ കാരണം. കിണറിലെ മണ്ണ് ഇടിയുന്നതു മൂലം കിണറിനോടു ചേർന്നുള്ള വീടിനും അപകടസാധ്യതയുണ്ടെന്നും സുരക്ഷിതസ്ഥാനത്തേക്കു മാറണമെന്നും അഗ്നിരക്ഷാസേന നിർദേശിച്ചിട്ടുണ്ട്.