ചങ്ങനാശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് സിഎൻജി പ്ലാന്റ് വരുന്നു
Mail This Article
ചങ്ങനാശേരി ∙ മാലിന്യ സംസ്കരണത്തിന് പുതിയ ചുവട് വയ്പുമായി നഗരസഭ. ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് അത്യാധുനിക സിഎൻജി പ്ലാന്റ് നിർമിക്കാൻ നഗരസഭ ഒരുങ്ങുന്നു. പ്ലാന്റിലെ മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന പ്രകൃതി വാതകത്തിൽ (സിഎൻജി– കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) നിന്നും വരുമാനം നേടാൻ കഴിയുന്ന ബൃഹദ് പദ്ധതിക്കാണ് നഗരസഭ രൂപം നൽകുന്നത്. ഏകദേശം 14 കോടി 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് വേണ്ടി സർക്കാർ അംഗീകൃതമായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടുമായി (കെഎസ്ഡബ്ല്യുപി) പ്രാഥമിക ഘട്ട ചർച്ചകൾ പൂർത്തിയായി.
30 ടൺ ശേഷിയുള്ള പ്ലാന്റാകും സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ നഗരസഭ കൗൺസിൽ യോഗം തീരുമാനിക്കും. നഗരസഭകളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും കേരള സർക്കാർ, ലോകബാങ്ക്, കെഎസ്ഡബ്ല്യുപി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണ് ചങ്ങനാശേരി നഗരസഭയുടെ സിഎൻജി പ്ലാന്റ് പദ്ധതിയും.
ശേഖരണം
∙നഗരസഭാ പരിധിയിലെ വീടുകളിലെയും ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങളാണ് സിഎൻജി പ്ലാന്റിലേക്ക് ശേഖരിക്കുക. പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളിലെത്തിയാണ് ഇവ ശേഖരിക്കുന്നത്. ഓരോ ദിവസവും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ അന്ന് തന്നെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും.സംസ്കരിക്കുന്ന മാലിന്യം പ്രകൃതി വാതകമാക്കിയും (സിഎൻജി), കാർഷികാവശ്യങ്ങൾക്കുള്ള വളമാക്കിയും മാറ്റും.
വരുമാനം
∙മാലിന്യത്തിൽ നിന്നും ലഭിക്കുന്ന സിഎൻജിയുടെ വിൽപനയിലൂടെയാണ് വലിയ വരുമാനം ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്ക് ഇന്ധനമായി സിഎൻജി ലഭ്യമാക്കും. കിലോയ്ക്ക് 65 രൂപയാണ് സിഎൻജിക്ക് കണക്കാക്കുന്നത്. ഒരു വർഷം പ്ലാന്റിൽ നിന്നു മാത്രം 4 കോടി 95 ലക്ഷം രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. മാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന വളത്തിന്റെ വിൽപനയിലൂടെയും വരുമാനം ലക്ഷ്യമിടുന്നു.
തൊഴിൽ സാധ്യത
∙വീടുകളിലും, സ്ഥാപനങ്ങളിലും എത്തിയുള്ള മാലിന്യ ശേഖരണത്തിനും, ഇതിനുള്ള വാഹനം ഓടിക്കാനും, പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കുമായി ആളുകളെ തിരഞ്ഞെടുക്കുന്നതിലൂടെ വലിയ തൊഴിൽ സാധ്യതയും തുറന്ന് നൽകും.