കുമാരനല്ലൂർ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്ഫോം വരുന്നു; എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ആശ്വാസം
Mail This Article
കുമാരനല്ലൂർ ∙ റെയിൽവേ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്ഫോമിന് അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിൽ യാത്രക്കാർ. എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരാണു പ്ലാറ്റ്ഫോം ഇല്ലാത്തതിനാൽ വലഞ്ഞിരുന്നത്. ശാരീരിക പ്രശ്നങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും ട്രെയിനിലേക്കു കയറാൻ സാധിച്ചിരുന്നില്ല. ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഭാഗത്തേക്കുള്ള ലൈനിന്റെ വശത്ത് 2 വർഷം മുൻപ് പ്ലാറ്റ്ഫോം നിർമിച്ചിരുന്നു. എന്നാൽ ഇതിനൊപ്പം എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ പ്ലാറ്റ്ഫോം നിർമാണം നടന്നില്ല. പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ രണ്ടു ലൈനിലും പ്ലാറ്റ്ഫോമുള്ള സ്റ്റേഷനായി കുമാരനല്ലൂർ മാറും.
ടെൻഡർ ക്ഷണിച്ചു
കുമാരനല്ലൂർ, മുളന്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നിർമാണത്തിനായി 4.79 കോടി രൂപയുടെ മതിപ്പു മൂല്യമുള്ള ടെൻഡർ ക്ഷണിച്ചു. 25 വരെ ടെൻഡർ നൽകാം.
360 മീറ്റർ നീളത്തിൽ
360 മീറ്റർ നീളത്തിലാണു പുതിയ പ്ലാറ്റ്ഫോം നിർമിക്കുന്നത്. നിലവിൽ സ്റ്റേഷനിലുള്ള പ്ലാറ്റ്ഫോമിന് 336 മീറ്ററാണു നീളം. പാസഞ്ചർ, മെമു ട്രെയിനുകളെ പൂർണമായും ഉൾക്കൊള്ളുന്ന നീളമാണ് ഇരു പ്ലാറ്റ്ഫോമുകൾക്കും ഉള്ളത്. ഹാൾട്ട് സ്റ്റേഷനായ കുമാരനല്ലൂരിൽ പാസഞ്ചർ, മെമു ട്രെയിനുകൾക്കു മാത്രമാണു സ്റ്റോപ് ഉള്ളത്.
കുമാരനല്ലൂരിൽ സ്റ്റോപ് ഉള്ള ട്രെയിനുകൾ
∙ എറണാകുളം ഭാഗത്തേക്ക്
06444കൊല്ലം–എറണാകുളം മെമു രാവിലെ 6.30 (എല്ലാ ദിവസവും)
06768 കൊല്ലം– എറണാകുളം മെമു രാവിലെ 10:05 (തിങ്കൾ ഒഴികെ)
06778 കൊല്ലം– എറണാകുളം മെമു ഉച്ചയ്ക്ക് 1:08 (ബുധൻ ഒഴികെ)
∙ കോട്ടയം ഭാഗത്തേക്ക്
06777 എറണാകുളം– കൊല്ലം മെമു രാവിലെ 7:21 (ബുധൻ ഒഴികെ)
06453 എറണാകുളം– കോട്ടയം പാസഞ്ചർ രാവിലെ 9:04 (എല്ലാ ദിവസവും)
06769 എറണാകുളം–കൊല്ലം െമമു ഉച്ചയ്ക്ക് 2:53 (തിങ്കൾ ഒഴികെ)
06443 എറണാകുളം–കൊല്ലം മെമു രാത്രി 7:35 (എല്ലാ ദിവസവും)