ആചാരപ്പെരുമയിൽ മങ്ങാട്ട് ഭട്ടതിരി ആറന്മുളയിലേക്ക് യാത്ര തുടങ്ങി
Mail This Article
കോട്ടയം ∙ തിരുവോണത്തോണിയുടെ അകമ്പടിക്കുള്ള ചുരുളൻ വള്ളം കുമാരനല്ലൂർ മങ്ങാട്ടുകടവിൽ നിന്നു പുറപ്പെട്ടു. ആറന്മുള ഭഗവാനു തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായിത്തുഴയുന്ന തിരുവോണത്തോണി നയിക്കുന്നതിനായിട്ടാണു കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം.എൻ.അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെട്ടത്. യുഎസിൽ ജോലിയുള്ള അനൂപ് ആചാരപ്രകാരമുള്ള യാത്രയ്ക്കായി അവധിയെടുത്തു നാട്ടിലെത്തിയതാണ്. കാട്ടൂരിൽ നിന്നു നാളെ സന്ധ്യയ്ക്കാണു തിരുവോണത്തോണി പുറപ്പെടുന്നത്. കുമാരനല്ലൂരിൽ നിന്നുള്ള ചുരുളൻ വള്ളം അകമ്പടിയാകും. കാട്ടൂർ കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണു തിരുവോണത്തോണിയിൽ ഉണ്ടാവുക.
ഓണത്തിന്റെ അന്നു പുലർച്ചെ ആറന്മുള മധുകടവിൽ എത്തും. തോണിയിൽ എത്തിക്കുന്ന വിഭവങ്ങൾകൂടി ചേർത്താണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യ. കുമാരനല്ലൂർ മങ്ങാട്ട് കടവിൽ യാത്രാമംഗളം നേരുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കുമാരനല്ലൂർ ദേവീക്ഷേത്രം ദേവസ്വം മാനേജർ കെ.എ.മുരളി കാഞ്ഞിരക്കാട്ട് ഇല്ലം, അസി. മാനേജർ അരുൺ വാസുദേവ്, അരുൺ കുമാർ കടന്നക്കുടിയിൽ, ആനന്ദക്കുട്ടൻ ശ്രീനിലയം, വി.എസ്.മണിക്കുട്ടൻ നമ്പൂതിരി, കൗൺസിലർമാരായ സാബു മാത്യു, വിനു ആർ.മോഹൻ, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ എത്തിയിരുന്നു. കലാനിലയം അനിൽകുമാറിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി.
പരിസ്ഥിതിസൗഹൃദമാണ് ഈ യാത്ര. വേമ്പനാട് കായലും മീനച്ചിലാറും പമ്പയും കടന്നുള്ള യാത്രയിൽ പ്ലാസ്റ്റിക്കുകളും മറ്റും ഉപയോഗിക്കാറില്ല. പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്. പള്ളിയോട സേവാസംഘം നൽകുന്ന സഹായവും സഹകരണവും വളരെ വലുതാണ്. മങ്ങാട്ട് ഇല്ലം എം.എൻ.അനൂപ് നാരായണ ഭട്ടതിരി