ADVERTISEMENT

ഏറ്റുമാനൂർ∙ തിരുവോണത്തിനു ഒരു ദിനം മാത്രം ബാക്കി നിൽക്കെ ഏറ്റുമാനൂർ നഗരം തിരുവോണത്തിരക്കിൽ. നഗരത്തിന്റെ മുക്കിലും മൂലയിലും ഓണാഘോഷത്തിന്റെ ആരവമാണ് ഉയരുന്നത്. വിവിധ ക്ലബുകൾ, സംഘടനകൾ, സ്കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി എല്ലാവരും ഓണം കളറാക്കുന്നതിന്റെ തിരക്കിലാണ്. വ്യാപാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  റെഡിമെയ്ഡ് പൂക്കളം വിപണിയിലെത്തിയെങ്കിലും പൂക്കൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് പൂക്കടകളിലെ  നീണ്ട തിരക്ക്.  

  വസ്ത്രശാലകൾ, പാദരക്ഷ, ഫാൻസി ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പലവ്യഞ്ജനം – പച്ചക്കറി കടകളിലുമാണ് തിരക്ക് കൂടുതൽ.  വനിതാ സംഘങ്ങളുടെയും സ്വയം സഹായ സംഘങ്ങളുടെയും നിരവധി സ്റ്റാളുകളാണ് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. വഴിയോര കച്ചവടങ്ങളും സജീവമാണ്.  ഇന്നലെയായിരുന്നു ഭൂരിഭാഗം സ്കൂളുകളിലും ഓണാഘോഷ പരിപാടി. അതിനാൽ രാവിലെ മുതൽ പൂക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

തിരക്ക് വർധിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്.  മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നീണ്ട ക്യൂ ആണ് കാണാനായത്. രണ്ട് ദിവസമായി മഴ മാറി നിന്നതോടെയാണു ഓണ വിപണി സജീവമായത്. വിപണി പൊലിപ്പിക്കാൻ കേരളീയർക്കൊപ്പം ഇതര സംസ്ഥാനക്കാരും നഗരത്തിലെത്തിയിട്ടുണ്ട്. വിറ്റഴിക്കൽ വിൽപനയും മറ്റ് ഓഫറുകളുമായി വ്യാപാര മേഖല ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയാണ്. ഓണ സദ്യയും പായസ മേളകളുമായി ഹോട്ടലുകളും ഓണ വിപണിയിൽ സജീവമാണ്.

അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം 
അയ്മനം ∙ ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ് ഡെസ്ക്കാണ് സേവനത്തിന്റെ പാതയിലെ പുതുമയാർന്ന ഓണം ഒരുക്കുന്നത്.അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പേരി വാങ്ങിക്കൊണ്ടാണ് അഭയം ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ദിവസം ഇത്തരത്തിൽ ഒരു പരിപാടി നടത്തുന്നത്.

അയ്മനത്ത് അഭയം പ്രവർത്തകർ ഉപ്പേരി പാക്ക് ചെയ്യുന്നു.
അയ്മനത്ത് അഭയം പ്രവർത്തകർ ഉപ്പേരി പാക്ക് ചെയ്യുന്നു.

മനസ്സ് വിൽക്കുന്ന ഉപ്പേരിയുടെ ലാഭം അവർ ഗ്രാമത്തിൽ നിർധനരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.അഭയം വോളണ്ടിയർമാർ മനസ്സ് പ്രവർത്തകർ തയാറാക്കിയ ഉപ്പേരി വാങ്ങി ഉത്സവത്തിന് എത്തുന്നവർക്ക് ചെറിയ പാക്കറ്റിൽ ഓണസമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. അഭയം വോളണ്ടിയർമാരാണ് ഉപ്പേരി ഓണം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് ഇന്നലെ വൈകുന്നേരത്തോടെ ഉപ്പേരി വാങ്ങി പാക്ക് ചെയ്ത് കഴിഞ്ഞു.

കോട്ടയം ജില്ലയാകെ പ്രവർത്തിക്കുന്ന അഭയം പ്രവർത്തകർ മറ്റൊരു സംഘടനയുടെ സന്നദ്ധ പ്രവർത്തങ്ങൾക്ക് കൈ താങ്ങായി മാറുകയാണ് ഇതിലൂടെയെന്ന് അഭയം ലോക്കൽ സമിതി ചെയർമാൻ പ്രമോദ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലോക്കൽ സമിതി കൺവീനർ കെ എൻ ശശിയുടെ നേതൃത്വത്തിൽ അഭയം ഹെൽപ് ഡെസ്ക് പ്രവർത്തിച്ചു വരികയാണ്.ഭക്തജനങ്ങൾക്ക് ആവശ്യമായ വൈദ്യസഹായവും പ്രാഥമിക ശുശ്രൂഷ സംവിധാനവും ഹെൽപ് ഡെസ്ക്കിൽ ക്രമീകരിച്ചിട്ടുണ്ട്. പ്രഗത്ഭരായ ഡോക്ടർമാരുടേയും നഴ്സ്മാരുടേയും വോളന്റിയർമാരുടേയും സേവനം ലഭ്യമാണ്. ഭക്തജനങ്ങൾക്ക് സൗജന്യ ചുക്ക് കാപ്പി വിതരണവും കുടിവെള്ള വിതരണവും സജ്ജീകരിച്ചിട്ടുണ്ട്.

കവണാറ്റിൻകര ടൂറിസം ജലമേള 16 ന് 
കുമരകം ∙ കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ ഇനത്തിൽപെട്ട കളിവള്ളങ്ങൾ പങ്കെടുക്കും. 16ന് 3ന് കവണാർ ആറ്റിൽ ആണു വള്ളംകളി. മന്ത്രി വി.എൻ. വാസവൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ബോട്ട് ക്ലബ് പ്രസിഡന്റ് പി.ബി. അശോകൻ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. മത്സരത്തിനു മുന്നോടിയായി 2ന് ശ്രിശക്തീശ്വം ക്ഷേത്രക്കടവിൽ നിന്നു മത്സരം നടക്കുന്ന കവണാർ ആറ്റിലേക്കു ജലഘോഷയാത്ര ഉണ്ടാകും. ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, കുമരകം, അയ്മനം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണു വള്ളംകളി സംഘടിപ്പിച്ചിരിക്കുന്നത്.

കുമരകം ശ്രീകുമാരമംഗലം സ്കൂളിലെ വീണ ഗോവിന്ദ് മാവേലിയായി എത്തിയപ്പോൾ കുട്ടികളുടെ ആർപ്പുവിളി
കുമരകം ശ്രീകുമാരമംഗലം സ്കൂളിലെ വീണ ഗോവിന്ദ് മാവേലിയായി എത്തിയപ്പോൾ കുട്ടികളുടെ ആർപ്പുവിളി

ഇരുട്ടുകുത്തി ഒന്നാം ഗ്രേഡിൽ ടൗൺ ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറ, കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി ജി കർണൻ, കുമരകം ഓക്സർ ബോട്ട് ക്ലബ്ബിന്റെ പടക്കുതിര, ചുരുളൻ ഒന്നാം തരത്തിൽ ഐ ബി ആർ എ കൊച്ചിയുടെ മൂഴി, ഒളശ്ശ ഡിസിബിയുടെ കോടിമത,ഇരുട്ടുകുത്തി ബി ഗ്രേഡിൽ യുവ ബോട്ട് ക്ലബ്ബിന്റെ ശരവണൻ,കാഞ്ഞിരം ന്യൂ സ്റ്റാർ ബോട്ട് ക്ലബ്ബിന്റെ ഹനുമാൻ നമ്പർ വൺ, വേളൂർ ബോട്ട് ക്ലബ്ബിന്റെ കാശിനാഥൻ, കുമരകം യുവശക്തി ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ്, ചുരുളൻ ബി ഗ്രേഡിൽ കുമരകം പിബിസിയുടെ കോട്ടപ്പറമ്പൻ നമ്പർ ടു ,കുമരകം കണ്ണാടിച്ചാൽ കെയുബിസിയുടെ ഡായി നമ്പർ ടു., തൊള്ളായിരം ബോയ്സിന്റെ പടയാളി, കുമരകം ഓക്സർ ബോട്ട് ക്ലബ്ബിന്റെ മഹാദേവൻ എന്നീ കളിവള്ളങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

English Summary:

Etumanur is aglow with the spirit of Onam, with vibrant celebrations taking place across the town. From bustling markets and flower-laden streets to traditional feasts and cultural programs, the town is immersed in the joy of Thiruvonam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com