യാത്ര ദുഷ്കരം, റോഡരികിൽ മരത്തടികൾ; വെട്ടിയിട്ടാൽ മാത്രം പോരാ, മാറ്റാനും വേണം നടപടി
Mail This Article
കോട്ടയം ∙ നഗരത്തിലെ വിവിധയിടങ്ങളിൽ വഴിയരികിൽ പുറമ്പോക്ക് ഭൂമിയിൽ കിടക്കുന്ന വെട്ടിയിട്ട മരത്തടികളിൽ പലതും മാറ്റുന്നതിന് നടപടിയില്ല. ഒളിഞ്ഞിരിക്കുന്നത് വൻ അപകടസാധ്യത. വെട്ടിയിട്ട മരത്തടികൾ പലതും റോഡിനോട് ചേർന്ന് കിടക്കുന്നതിനാൽ ഈ മേഖലയിൽ രാത്രികാലങ്ങളിൽ വാഹനഗതാഗതം ദുഷ്കരമാണ്. പലയിടങ്ങളിലും വഴിക്ക് വീതി കുറവായതിനാൽ കാൽനട യാത്രക്കാർക്കു പോലും വഴിനടക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഓഗസ്റ്റ് 21ന് രാത്രിയോടെ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിനു മുൻവശത്തെ പിഡബ്ല്യുഡി റോഡരികിൽ നിന്നിരുന്ന തണൽമരം ശക്തമായ മഴയിലും കാറ്റിലും പെട്ടു കടപുഴകി വീണതിനെത്തുടർന്നു വൻനാശനഷ്ടം ഉണ്ടായിരുന്നു. അന്നു രാത്രി അഗ്നിരക്ഷാസേന എത്തി മുറിച്ചു മാറ്റിയ മരത്തടികൾ ഇന്നും റോഡിനിരുവശത്തും കൂട്ടിയിട്ടിരിക്കുകയാണ്. എൽകെജി മുതൽ മുതിർന്ന ക്ലാസുകളിലായി ആയിരത്തിയഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികളുമായി ഒട്ടേറെ സ്വകാര്യ വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. കൂടാതെ ഇവിടം പ്രധാന ബസ് സ്റ്റോപ് ആയതിനാൽ അപകടസാധ്യതയേറെയാണ്.ഇതേ റോഡരികിൽ പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം നിന്നിരുന്ന തണൽമരം വെട്ടിയതിന്റെ തടിയും ശിഖരങ്ങളും മൂന്നു വർഷത്തിലധികമായി റോഡിനിരുവശങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. മറിയപ്പള്ളി സർക്കാർ സ്കൂളിന്റെ പ്രധാനകവാടം പണിയുന്നതിനായി വർഷങ്ങൾക്ക് മുൻപു വെട്ടിയിട്ട, വലുതും ചെറുതുമായ തേക്ക് മരങ്ങൾ ഇന്നും സ്കൂൾ മുറ്റത്ത് കാടുകയറി കിടക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.