ആമ്പൽ കാഴ്ചകൾ ഇനി രണ്ടാഴ്ചകൂടി; വിട്ടാലോ മലരിക്കലിലേക്ക്
Mail This Article
മലരിക്കലിലെ ആമ്പൽവസന്തം ആസ്വദിക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കി. കോട്ടയം കുമരകത്തിനടുത്തുള്ള മലരിക്കൽ എന്ന കുഞ്ഞുഗ്രാമത്തെ തേടി വിദേശത്തുനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളെ എത്തിച്ച പിങ്ക് നിറക്കൂട്ടിന്റെ സീസൺ അവസാനിക്കാറായി. പാടത്തെ വെള്ളംവറ്റിച്ച് കൃഷിക്കായി നിലമൊരുക്കാൻ പമ്പിങ് ആരംഭിച്ചുകഴിഞ്ഞു. പാടത്തിനകലെ കായലരികത്തുള്ള ആമ്പൽക്കാഴ്ച കാണാൻ വള്ളത്തിൽ പോകാൻ 1000 രൂപയാണ് ചെലവ്. വഴിയോരത്തെ പാടത്തിലുള്ള ആമ്പൽ പൂവുകൾക്കരികെ വള്ളത്തിൽ പോകാൻ അരമണിക്കൂർ താഴെയുള്ള യാത്രയ്ക്ക് ആളൊന്നിന് 100 രൂപയും.
∙ ഡൽഹിയിൽ നിന്നുള്ള നവദമ്പതികൾ തങ്ങളുടെ വിവാഹശേഷം വിഡിയോ–ഫോട്ടോ ഷൂട്ടിനായി ആണ് മലരിക്കലിൽ എത്തിയത്. മനോഹരമായ റീലും ചിത്രങ്ങളും കണ്ടപ്പോൾ വീട്ടുകാർക്കെല്ലാം അതിശയം. അടുത്ത ആഴ്ച തന്നെ ഡൽഹിയിൽനിന്ന് അച്ഛനും അമ്മയും ബന്ധുക്കളും അടക്കം വലിയ ടീം മലരിക്കലെത്തി ആമ്പൽ ആവോളം കണ്ടു മടങ്ങി.
∙ ഒരു സ്വർണക്കടയിൽ ജോലി ചെയ്യുന്ന യുവാവ് പുലർച്ചെ മുതൽ രാവിലെ 9 വരെ മലരിക്കലിൽ ടൂറിസ്റ്റുകളുമായി വള്ളം തുഴയും അതിനുശേഷം സാധാരണ പോലെ ജോലിക്കും പോകും. ‘‘നമ്മുടെ നാട്ടിലെ വരുമാനം അല്ലേ, എങ്ങനെയാ കളയുന്നേ’’ എന്നാണ് അദ്ദേഹം പറയുന്നത്. ∙ നൂറിൽ കൂടുതൽ വള്ളങ്ങളാണ് മലരിക്കലിൽ യാത്രക്കാരെയും കൊണ്ടു തുഴയുന്നത്. പുലർച്ചെ വെളിച്ചം വീഴുമ്പോൾ തന്നെ മലരിക്കൽ ആക്ടീവ് ആകും. ∙പണിപൂർത്തിയാകുന്ന വീതി കൂടിയ റോഡും കൂടുതൽ സംരംഭങ്ങളും അടുത്ത സീസണിൽ മലരിക്കലിനെ കൂടുതൽ മനോഹരിയാക്കുമെന്നുറപ്പ്.