തീക്കോയി ജനവാസ കേന്ദ്രത്തിൽ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു
Mail This Article
തീക്കോയി ∙ പഞ്ചായത്തിലെ ഞണ്ടുകല്ല് റോഡിൽ ജനവാസ കേന്ദ്രത്തിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഇട്ടവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ചു. ഒപ്പം ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡ് സ്ഥാപിക്കാൻ ശിക്ഷയും നൽകി വിട്ടയച്ചു. ഞായറാഴ്ച രാത്രിയാണ് തീക്കോയി ഞണ്ടുകല്ല് കളത്തൂക്കടവ് റോഡിൽ വീട് നിർമാണത്തിനു ശേഷം ബാക്കിയായ മാലിന്യങ്ങൾ തള്ളിയത്. സിമന്റ് ചാക്ക്, ടൈൽ അവശിഷ്ടങ്ങൾ തുടങ്ങിയവയാണു കൂടുതലായും ഉണ്ടായിരുന്നത്.
കൊല്ലപ്പള്ളി സ്വദേശിയാണു ലോറിയിൽ മാലിന്യമെത്തിച്ചത്. തിങ്കളാഴ്ച നാട്ടുകാരുടെ സഹകരണത്തോടെ സമീപ വീടുകളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. മാലിന്യം തള്ളിയ ആളെ പഞ്ചായത്തംഗം സിറിൾ താഴത്തുപറമ്പിലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിച്ച് മാലിന്യം തിരികെ എടുപ്പിച്ചു.
തീക്കോയി ഞണ്ടുകല്ല് കളത്തൂക്കടവ് റോഡിൽ വിവിധയിടങ്ങളിൽ മാലിന്യം ഇടരുതെന്ന ബോർഡ് സ്ഥാപിക്കണമെന്ന പഞ്ചായത്തംഗത്തിന്റെ നിർദേശം അംഗീകരിച്ചതിനു ശേഷമാണ് മാലിന്യം തള്ളിയ ആളെ നാട്ടുകാർ മടക്കിയത്. തുടർന്നും മാലിന്യം തള്ളുന്നവരെ പിടികൂടി ഇത്തരം ശിക്ഷകളും നിയമനടപടികളും സ്വീകരിക്കാനുമാണു നാട്ടുകാരുടെ തീരുമാനം.