വീൽചെയറിൽ അഭയം തേടിയ ബിജുവിനു താങ്ങ് നഷ്ടമായി; വിധിയോടു പൊരുതിയ ജൂബി യാത്രയായി
Mail This Article
എരുമേലി ∙ കാലുകളും നട്ടെല്ലും തകർന്ന് വീൽചെയറിൽ അഭയം തേടിയ ബിജുവിന്റെ ജീവിതത്തിൽ താങ്ങായി കരം പിടിച്ച ജൂബി (38)യെ വിധി കാൻസറിന്റെ രൂപത്തിൽ കീഴടക്കി. മുക്കൂട്ടുതറ, വെൺകുറിഞ്ഞി പുരയിടത്തിൽ ബിജു വർഗീസ് ഭാര്യ ജൂബി തലച്ചോറിലെ കാൻസറിനെ തുടർന്നാണ് മരിച്ചത്. സംസ്കാരം നടത്തി. അരുവിത്തുറ തടിക്കപ്പറമ്പിൽ കുടുംബാംഗമാണ് ജൂബി. 1997 മാർച്ചിൽ കൊട്ടാരക്കര മൈലത്ത് ബൈക്ക് അപകടത്തിൽപ്പെട്ടാണ് ബിജുവിന്റെ ജീവിതം വീൽചെയറിൽ ആയത്. സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ ജൂബി, അരയ്‌ക്കു താഴെ 80 ശതമാനവും തളർന്നു പോയ ബിജുവിനെ വിവാഹം കഴിക്കാൻ സന്നദ്ധ ആകുകയായിരുന്നു.
ഇലക്ട്രിഷ്യൻ ആയിരുന്ന ബിജു വീട്ടിലെ മുറിയിൽ ഒതുങ്ങിക്കൂടാൻ തയാറായില്ല. തനിക്ക് യാത്ര ചെയ്യുന്നതിനു വേണ്ടി സ്വന്തം കാറിൽ മാറ്റങ്ങൾ വരുത്തി ക്ലച്ചും ആക്‌സിലറേറ്ററും ബ്രേക്കും കൈകൊണ്ട് ഉപയോഗിക്കുന്ന വിധം പരിഷ്കരിച്ചു. മാസങ്ങൾ നീണ്ട ബിജുവിന്റെ ഈ പരീക്ഷണങ്ങൾക്ക് എല്ലാം പിന്തുണ നൽകിയത് ജൂബി ആയിരുന്നു. കൈകൊണ്ടു നിയന്ത്രിക്കാവുന്ന ബ്രേക്കും ആക്‌സിലറേറ്ററുമുണ്ടെങ്കിൽ വികലാംഗർക്കും കാൽ തളർന്നവർക്കും കാൽ ഇല്ലാത്തവർക്കു പോലും കാർ ഓടിക്കാമെന്നു ബിജു തെളിയിക്കുകയും ഓട്ടോമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) അനുമതി നേടുകയും ചെയ്തു.
ഇന്ത്യയിലെവിടെയും 13 കമ്പനികളുടെ 56 തരത്തിലുള്ള വാഹനങ്ങളിൽ വ്യതിയാനം വരുത്താൻ ബിജുവിന് എആർഎഐ അംഗീകാരം നൽകി. കാലുകളും നട്ടെല്ലും തകർന്ന നൂറ് കണക്കിനു പേർക്ക് ബിജു കൈകൊണ്ട് ഡ്രൈവ് ചെയ്യാൻ കഴിയുന്ന വിധം സാങ്കേതിക മാറ്റം വരുത്തി നൽകി. 8 വർഷം മുൻപ് ജൂബിക്ക് തലവേദന ആയിട്ടാണ് കാൻസർ രോഗ ലക്ഷണങ്ങൾ കണ്ടത്. വിശദമായ പരിശോധനയിൽ തലച്ചോറിൽ കാൻസർ ആണെന്നു കണ്ടെത്തി. വെല്ലൂരിൽ അടക്കം മികച്ച ചികിത്സകൾ നൽകിയെങ്കിലും രോഗം വഷളായി ജൂബി മരണത്തിനു കീഴടങ്ങുകയായിരുന്നു. മകൻ: കാരൾ ജോർജ് (ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ കൊല്ലമുള)