കടുത്തുരുത്തി– പിറവം റോഡ് വളവുകൾ നിവർക്കും, വീതി കൂട്ടും
Mail This Article
കടുത്തുരുത്തി ∙ കടുത്തുരുത്തി– പിറവം റോഡ് പെരുവ വരെ പത്ത് മീറ്റർ വീതിയിൽ വികസിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. മോൻസ് ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത് ജനപ്രതിനിധികളുടെയും പൊതുമരാമത്ത്– ജല അതോറിറ്റി അധികൃതരുടെയും സർവ കക്ഷി പ്രതിനിധികളുടെയും യോഗത്തിലാണ് പിറവം റോഡ് വീതി കൂട്ടി വളവുകൾ നിവർക്കാൻ തീരുമാനം എടുത്തത്. ഇതിനായി റോഡിൽ സർവേ നടത്തി സർക്കാരിന് പദ്ധതി സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. മാർക്കറ്റ് ജംക്‌ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് തീരെ വീതി കുറഞ്ഞതാണ്.
റോഡിൽ ഒട്ടേറെ കുത്തു വളവുകളും ഉണ്ട്. ഒട്ടേറെ തവണ റോഡ് വീതി കൂട്ടുന്നതിനും വളവുകൾ നിവർത്തുന്നതിനും തീരുമാനമെടുത്തെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. വളരെ ബുദ്ധിമുട്ടിയാണ് വലിയ വളവിലൂടെ വാഹനങ്ങൾ കടന്നു പോകുന്നത്. ശബരിമല പദ്ധതിയിൽ പെടുത്തി വർഷങ്ങൾക്കു മുൻപ് തുക അനുവദിച്ച റോഡ് ജല അതോറിറ്റിയുടെ പൈപ്പിടൽ മൂലം തകർന്ന് വെള്ളക്കെട്ടായി കിടക്കുകയാണ്. റോഡ് പണികൾ നടത്താത്തതിന് എതിരെയും റോഡിലെ കയ്യേറ്റവും മറ്റും ഒഴിപ്പിക്കാത്തതിന് എതിരെയും സർവകക്ഷി യോഗത്തിൽ പരാതി ഉയർന്നു.
അറുനൂറ്റിമംഗലം വരെയുള്ള റോഡിൽ വെള്ളം ഒഴുകി പോകാനായി ഉണ്ടായിരുന്ന എട്ട് കലുങ്കുകളും ഓടയും നികത്തിയതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. ഓടകളും കലുങ്കുകളും നികത്തി പലരും കൂറ്റൻ മതിൽ നിർമിച്ചതോടെ റോഡിൽ നിന്നു വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതെ കെട്ടിക്കിടന്ന് റോഡ് തകരുകയാണെന്നു പൊതുമരാമത്ത് വകുപ്പധികൃതർ അറിയിച്ചു. റോഡ് കയ്യേറ്റവും കലുങ്കും ഓടയും നികത്തിയതും കണ്ടെത്തി പൊതുമരാമത്ത് വകുപ്പു തിരിച്ചു പിടിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.
ആരിശേരി, എസ്.വി.ഡി, കൈലാസപുരം, എക്സൈസ് ഓഫിസ് ഭാഗം എന്നിവിടങ്ങളിൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്ത സ്ഥിതിയാണ്.മുൻപ് ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെട്ടിരുന്നെങ്കിലും ചിലരുടെ പ്രതിഷേധം മൂലം ഓടകളും കലുങ്കുകളും തെളിക്കാൻ കഴിയാതെ പോയതായി ജനപ്രതിനിധികൾ പരാതിപ്പെട്ടു. പിറവം റോഡിലെ ഓടകളും കലുങ്കുകളും പഴയ സ്ഥിതിയിലാക്കിയാൽ റോഡ് തകരുന്നത് ഒഴിവാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
മാർക്കറ്റ് ഭാഗത്ത് ബസുകളും മറ്റു വാഹനങ്ങളും പിറവം റോഡിലേക്ക് തിരിയുന്നതിനായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും റോഡിലേക്ക് തള്ളി നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് ഇതിനു കാരണമെന്നും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പറഞ്ഞു. ഇതിന് പരിഹാരം വേണമെന്നും ആവശ്യം ഉയർന്നു. തുടർന്നാണ് പിറവം റോഡ് 10 മീറ്റർ വീതിയിൽ നിർമാണം നടത്തി വളവുകൾ നിവർത്തുന്നതിന് സർവേ നടത്തി പദ്ധതി സർക്കാരിന് സമർപ്പിക്കാൻ തീരുമാനം എടുത്തത്.