കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വീടിന്റെ മുൻവശം തകർന്നു, ഓട്ടോറിക്ഷ 2 കഷണമായി
Mail This Article
പാലാ ∙ പാചകവാതക സിലിണ്ടർ നിറച്ച കണ്ടെയ്നർ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിന്റെ മുൻവശം പൂർണമായി തകർന്നു. ഉപ്പൂട്ടിൽ ബിജോയിയുടെ വീടാണ് തകർന്നത്. പാലാ-പൊൻകുന്നം ഹൈവേയിൽ വാഴേമഠത്തിനു സമീപം ഇന്നലെ രാവിലെ 6.15ന് ആയിരുന്നു സംഭവം. സമീപത്തെ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതകർത്തു. തുടർന്നു സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകർത്താണു ലോറി നിന്നത്. അപകടത്തിൽ ലോറി ഡ്രൈവർ ഉണ്ണിക്ക് നിസ്സാര പരുക്കേറ്റു. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ 4 പേർ വീട്ടിൽ ഉണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മടുക്കാങ്കൽ ജനീഷിന്റെ ഓട്ടോറിക്ഷയാണ് 2 കഷണമായത്. വരിക്കാനിക്കൽ നാരായണൻ കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അപകടത്തിൽ ഇടിഞ്ഞു. അമ്പലമുകളിൽ നിന്ന് പമ്പ ജ്യോതി ഗ്യാസ് ഏജൻസിയിലേക്ക് പാചക വാതകവുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. എറണാകുളം പള്ളിക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി.